India

സ്വന്തം ശരീരത്തിൽ ചാട്ടവാറുകൊണ്ട് അടിച്ചത് 6 തവണ, DMK സർക്കാർ വീഴും വരെ ചെരുപ്പിടില്ല; വേറിട്ട പ്രതിഷേധവുമായി അണ്ണാമലൈ

തമിഴ്‌നാട്ടില്‍ ഡിഎംകെ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന് തുടക്കമിട്ട് സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. 48 ദിവസത്തെ വ്രതം അണ്ണാമലൈ തുടങ്ങി. കോയമ്പത്തൂരിലെ വീടിന് മുന്നിൽ സ്വന്തം ശരീരത്തിൽ 6 തവണ ചാട്ടവാർ കൊണ്ടടിച്ചാണ് അണ്ണാമലൈ 48 ദിവസത്തെ വ്രതം തുടങ്ങിയത്. ഡിഎംകെ സർക്കാർ വീഴും വരെ ചെരുപ്പ് ഉപയോഗിക്കില്ലെന്ന് ഇന്നലെ അണ്ണാമലൈ പ്രഖ്യാപിച്ചിരുന്നു. 48 ദിവസത്തെ വ്രതം പൂർത്തിയായ ശേഷം സംസ്ഥാനത്തെ പ്രമുഖ മുരുക ക്ഷേത്രങ്ങളിൽ ദർശനം നടത്തും.

അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ് പൊലീസ് കൈകാര്യം ചെയ്ത രീതിക്കെതിരെയുള്ള പ്രതിഷേധ സൂചകമായി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തന്റെ വീടിന് മുന്നില്‍ ആറ് തവണ ചാട്ടവാറടി നടത്തുമെന്ന് അണ്ണാമലൈ കോയമ്പത്തൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും മറ്റ് ഡിഎംകെ നേതാക്കള്‍ക്കുമൊപ്പം പ്രതി നില്‍ക്കുന്ന ചിത്രങ്ങളും അണ്ണാമലൈ പുറത്തുവിട്ടു. കേസിലെ ഇരയുടെ പേരും ഫോണ്‍ നമ്പറും മറ്റ് വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തിയതിന് അണ്ണാമലൈ സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു.

അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനോടുളള ആദര സൂചകമായി സംസ്ഥാനത്തു ബിജെപിയുടെ ഇന്നത്തെ മറ്റ് പ്രതിഷേധ പരിപാടികൾ റദ്ദക്കി.

Latest News