തൃശൂര്‍: തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെതിരെ രൂക്ഷ വിമര്‍വുമായി സിപിഐ നേതാവും മുന്‍മന്ത്രിയുമായ വി എസ് സുനില്‍കുമാര്‍. ബിജെപി പ്രസിഡന്റിന്റെ കയ്യില്‍ നിന്ന് കേക്ക് സ്വീകരിക്കുന്നത് അത്ര നിഷ്കളങ്കമല്ല എന്നും എല്‍ഡിഎഫ് മേയര്‍ ആയിരിക്കുമ്പോള്‍ മുന്നണിയുടെ രാഷ്ട്രീയത്തോട് കൂറ് പുലര്‍ത്തണം എന്നും വി എസ് സുനില്‍കുമാര്‍ പറഞ്ഞു.
മേയര്‍ക്ക് ചോറ് ഇവിടെയും കൂര് അവിടെയുമാണ്. വഴി തെറ്റി വന്നല്ല മേയര്‍ക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കേക്ക് നല്‍കിയത്. സുരേന്ദ്രനില്‍ നിന്നും മേയര്‍ കേക്ക് സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും സിപിഐ നേതാവ് പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി നേരിട്ടും പരോക്ഷമായും പ്രവര്‍ത്തിച്ചു. കേക്ക് കൊടുത്തതില്‍ കുറ്റം പറയുന്നില്ല. എന്നാല്‍ തൃശൂര്‍ മേയര്‍ക്ക് മാത്രം കേക്ക് കൊണ്ടു പോയി കൊടുക്കുന്നത് വഴിതെറ്റി വന്നതല്ലെന്നും അതില്‍ അത്ഭുതമില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു.
‘തൃശൂര്‍ കോര്പ്പറേഷന് മേയറോടുള്ള സിപിഐ പ്രതിഷേധം നേരത്തെ വ്യക്തമാക്കിയതാണ്. ആ നിലപാടില്‍ മാറ്റമില്ല. എല്‍ഡിഎഫിന്റെ ചെലവില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനോട് യോജിക്കാന്‍ സാധിക്കില്ല. മേയറായി തുടരുന്നതില്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും പറയാന്‍ ഇല്ല’, സുനില്‍ കുമാര്‍ പറഞ്ഞു.
ബിജെപിയുടെ സ്നേഹ സന്ദേശ യാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എംകെ വര്‍ഗീസിനെ സന്ദര്‍ശിച്ച് കേക്ക് കൈമാറിയിരുന്നു.
CONTENT HIGHLIGHT: v s sunil kumar against thrissur mayor