ചേരുവകൾ
കാരറ്റ് – 4 എണ്ണം
തേങ്ങ – 1 കപ്പ്
പഞ്ചസാര – 2 ടേബിൾ സ്പൂൺ
മൈദ – 1 1/2 ഗ്ലാസ്
മുട്ട – 2 എണ്ണം
സൺഫ്ലവർ ഓയിൽ – 1 ടേബിൾ സ്പൂൺ
വെള്ളം – ആവശ്യത്തിന്
അണ്ടിപരിപ്പ് – ആവശ്യത്തിന്
അപ്പകാരം – 1 പിഞ്ച്
ഉപ്പ് – 1 പിഞ്ച്
തയ്യാറാക്കുന്ന വിധം
ആദ്യം 4 ക്യാരറ്റ് തൊലി കളഞ്ഞ് എടുക്കണം. തൊലി കളഞ്ഞ ക്യാരറ്റ് ചെറിയ കഷ്ണങ്ങളാക്കി ഒരു മിക്സിയുടെ ജാറിലേക്ക് ഇടാം. ശേഷം ഇതിലേക്ക് ഒരു കപ്പ് തേങ്ങയും ഒരു മുട്ടയും കുറച്ച് വെള്ളവും കൂടി ചേർത്ത് ഒന്ന് കൂടെ അടിച്ചെടുക്കണം. ശേഷം ഇതേ മിക്സിയുടെ ജാറിലേക്ക് തന്നെ ഒന്നര ഗ്ലാസ് മൈദയും രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും ഒരു മുട്ടയും കുറച്ച് വെള്ളവും കൂടി ചേർത്ത് നന്നായി അരച്ചെടുക്കാം. അരച്ചെടുത്ത മാവ് ഒരു പാത്രത്തിലേക്ക് മാറ്റണം. ശേഷം എല്ലാം കൂടി നന്നായി മിക്സ് ചെയ്യണം. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിലും ഒരു പിഞ്ച് വീതം അപ്പക്കാരവും ഉപ്പും കൂടി ചേർത്ത് നന്നായി ഇളക്കിയെടുക്കണം. അടുത്തതായി ഒരു കുക്കർ എടുത്ത് പത്ത് മിനിറ്റ് ചൂടാവാൻ വെക്കാം. ശേഷം കേക്ക് ഉണ്ടാക്കുന്ന ഒരു പാത്രം എടുത്ത് അതിൽ കുറച്ച് എണ്ണ ഒഴിച്ച് ഒരു ബട്ടർ പേപ്പർ കൂടി ഇട്ട് മാവ് ഒഴിച്ച് മൂടി വെച്ച് പതിനഞ്ച് മിനിറ്റ് വേവിക്കാം. വെന്ത് കഴിഞ്ഞാൽ കുറച്ച് അണ്ടിപരിപ്പ് ചെറുതായി അരിഞ്ഞത് മുകളിൽ ഇട്ട് കൊടുക്കാം. രുചിയൂറും നാല് മണി പലഹാരം റെഡി.