ദില്ലി: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിൻ്റെ സംസ്കാരം ദില്ലിയിലെ നിഗംബോധ് ഘാട്ടിൽ നടത്താൻ കേന്ദ്ര സർക്കാർ തീരുമാനം. നാളെ പകൽ 11.45ന് സംസ്കാരമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. മുൻ പ്രധാനമന്ത്രിയുടെ സംസ്‌കാരത്തിനായി പ്രത്യേക സ്ഥലം അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. പൂർണ്ണ സൈനിക ബഹുമതിയോടെ സംസ്കാര ചടങ്ങുകൾ നടത്തുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
എന്നാൽ സ്മാരകത്തിനുള്ള സ്ഥലത്തു തന്നെ സംസ്കാരം നടത്താത്തതിൽ കടുത്ത അമർഷത്തിലാണ് കോൺഗ്രസ്. കേന്ദ്ര സർക്കാർ നിലപാട് വേദനാജനകമെന്ന് കെസി വേണുഗോപാൽ പ്രതികരിച്ചു. മൻമോഹൻ സിങിൻ്റെ സ്മാരകത്തിനുള്ള സ്ഥലം അടുത്തയാഴ്ച തീരുമാനിക്കുമെന്നാണ് കേന്ദ്ര സർക്കാർ കുടുംബത്തെ അറിയിച്ചത്. സ്മാരകത്തിനുള്ള സ്ഥലത്ത് തന്നെ സംസ്കാരം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ കത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പുറത്തുവിട്ടു.
content highlight : ex-pm-manmohan-singh-cremation