India

ഇനി യമുനാതീരത്ത് വിശ്രമം; മൻമോഹൻ സിംഗിന് വിട നൽകി രാജ്യം; സംസ്കാര ചടങ്ങുകൾ നടന്നത് സിഖ് മതാചാര പ്രകാരം | manmohan singh funeral

ഔദ്യോഗിക ബഹുമതികളോടെയാണ് നിഗം ബോധ് ഘട്ടിൽ സംസ്‌കാരം നടന്നത്

തകർന്നടിഞ്ഞ ഇന്ത്യൻ സമ്പദ്ഘടനയെ രക്ഷിക്കുന്നതിന് വേണ്ടി രക്ഷകനായി അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു കണ്ടെത്തിയ സാമ്പത്തിക വിദഗ്ധൻ, ജനകീയ നടപടികളിലൂടെ രാജ്യ ചരിത്രത്തിൽ ഇടംപിടിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് വിട നൽകി രാജ്യം. സിഖ് മതാചാര പ്രകാരമുള്ള സംസ്കാര ചടങ്ങുകൾ അവസാനിച്ചു. ഔദ്യോഗിക ബഹുമതികളോടെയാണ് നിഗം ബോധ് ഘട്ടിൽ സംസ്‌കാരം നടന്നത്. പ്രധാനമന്ത്രി ഉള്‍പ്പെടെ പ്രമുഖരെത്തിയിരുന്നു.

മോത്തിലാൽ മാർഗിലെ മൂന്നാം നമ്പർ ഔദ്യോഗിക വസതിയിൽനിന്നും രാവിലെ എട്ടോടെ മൃതദേഹം കോൺഗ്രസ് ആസ്ഥാനത്തേക്ക് മാറ്റി. എഐസിസി ആസ്ഥാനത്ത് പൊതുദർശനം പൂർത്തിയായി. സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ എംപി അടക്കമുള്ളവർ ആദരാജ്ഞലി അർപ്പിച്ചു. അന്തിമോപചാരം അർപിക്കാൻ നേതാക്കളുടെയും പ്രവർത്തകരുടെയും നീണ്ടനിരയാണുണ്ടായത്.

ഒരാഴ്ച രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാനത്തും ഒരാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാരിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. അന്ത്യകർമങ്ങൾക്കും സംസ്കാരത്തിനും ഒരേ സ്ഥലം അനുവദിക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്ത് നൽകി. മൻമോഹൻ സിങ്ങിന്റെ സ്മാരകത്തിനുള്ള സ്ഥലം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. സ്മാരകം നിർമിക്കാനുള്ള സ്ഥലം അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പു നൽകിയിട്ടുണ്ട്.

CONTENT HIGHLIGHT: manmohan singh funeral