Kerala

‘ആര്‍.എസ്.എസിനെപ്പറ്റി മിണ്ടിയാല്‍ ഹിന്ദുക്കള്‍ക്ക് എതിരെയെന്നും പറഞ്ഞ് സൈബര്‍ അറ്റാക്ക്; വര്‍ഗീയതയേയാണ് സിപിഐ എം എതിര്‍ക്കുന്നത്’; എം.വി ഗോവിന്ദന്‍ | m v govindan

വിശ്വാസികള്‍ ഒരിക്കലും വര്‍ഗീയ വാദികള്‍ അല്ല

പത്തനംതിട്ട: ആര്‍.എസ്.എസിനെപ്പറ്റി മിണ്ടിയാല്‍ ഹിന്ദുക്കള്‍ക്ക് എതിരെയെന്നും പറഞ്ഞ് സൈബര്‍ അറ്റാക്ക് വരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ആര്‍എസ്എസിനേയും എസ്ഡിപിഐയേയും ജമാഅത്ത് ഇസ്ലാമിയേയും എതിര്‍ക്കുന്നതിലൂടെ വര്‍ഗീയതയേയാണ് സിപിഐ എം എതിര്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം വകയാര്‍ മേരിമാതാ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വര്‍ഗീയതയ്ക്ക് എതിരെയാണ് സി.പി.എം പറയുന്നത്. വിശ്വാസികള്‍ ഒരിക്കലും വര്‍ഗീയ വാദികള്‍ അല്ല. ഹിന്ദുക്കള്‍ക്ക് എതിരല്ല സി.പി.എം. പക്ഷേ, ആര്‍.എസ്.എസിന് എതിരാണ്. എം. ടി വാസുദേവന്‍ നായര്‍ എന്ന മഹാനായ എഴുത്തുകാരന് എതിരെ പോലും ആര്‍.എസ്.എസ്, ജമാ അത്ത് വര്‍ഗീയ വാദികള്‍ സൈബര്‍ ആക്രമണം നടത്തി. പാര്‍ട്ടിക്കെതിരിരെ ഒപ്പിടാന്‍ കുറെപ്പേര്‍ എം.ടിയുടെ അടുത്തു ചെന്നപ്പോള്‍ അതിന് അദ്ദേഹം തയ്യാറായില്ല. സി.പി.എം ഇല്ലാത്ത കേരളത്തെപ്പറ്റി ചിന്തിക്കാന്‍ കഴിയില്ലന്നാണ് അന്ന് എം.ടി. പറഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ, ജമാഅത്തെ വോട്ടു കൊണ്ടാണ് യു.ഡി.എഫ് വിജയിച്ചത്. 4000-5000 വരെ വോട്ടുകള്‍ ചില മണ്ഡലങ്ങളിലുണ്ട്. ജനാധിപത്യ മനസിനെ കളങ്കപ്പെടുത്താന്‍ സി.പി.എം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ ശില്‍പി ഡോ.അംബദ്ക്കര്‍ക്ക് എതിരായ കടന്നാക്രമണമാണ് രാജ്യത്ത് നടക്കുന്നത്. മനുസ്മൃതിയില്‍ അധിഷ്ഠിതമായ ഭരണഘടന കൊണ്ടുവരാന്‍ ബി.ജെ.പി നീക്കം തുടങ്ങി. എല്ലാ മേഖലയിലും ആര്‍.എസ്.എസ് തലവന്‍മാരെ പ്രതിഷ്ഠിക്കുന്നു. 37 ശതമാനം വോട്ടുള്ള ബി.ജെ.പിയെ തേല്‍പ്പിക്കാനാകും. ഫലപ്രദമായ ഇടപെടല്‍ നടത്തണം. രണ്ടു ശതമാനം വോട്ടുകൂടി ലഭിച്ചിരുന്നുവെങ്കില്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ ചിത്രം മാറുമായിരുന്നു.

എന്നാല്‍ കോണ്‍ഗ്രസിന് ഇതിന് താല്‍പര്യമില്ല. മൃദുഹിന്ദുത്വ സമീപനമാണ് കോണ്‍ഗ്രസിനുള്ളത്. പള്ളികള്‍ നിന്ന സ്ഥലത്ത് ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഗവഷണം നടത്തുകയാണ് ബി.ജെ.പി. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ സംഘര്‍ഷം ഉണ്ടാക്കികൊണ്ടിരിക്കുകയാണ് അവര്‍. കേരളം ഇന്ത്യക്കും ലോകത്തിനും മാതൃകാ സംസ്ഥാനമാണ്. വമ്പിച്ച മാറ്റമാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്. വിഴിഞ്ഞം തുറമുഖം വന്നത് വലിയ വളര്‍ച്ച ഉണ്ടാക്കും. ഈ നവകേരളത്തിന്റെ ഭാഗമാകണം ഓരോരുത്തരും. മൂന്നാം ടേമിലേക്കുള്ള യാത്രയെക്കുറിച്ചുള്ള ആലോചനയിലാണ് നാം. എന്നാല്‍ കോണ്‍ഗ്രസില്‍ ഇപ്പോഴേ അടി തുടങ്ങി എന്നും അദ്ദേഹം പറഞ്ഞു.

വിഭാഗീയ പ്രവർത്തനം അനുവദിക്കില്ലെന്നും തിരുവല്ലയിൽ പാർട്ടിയിലെ ഒരു വിഭാഗത്തെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പണസമ്പാദന പ്രവണത നേതാക്കൾക്കിടയിൽ വർദ്ധിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജില്ലാ സമ്മേളനത്തിലെ പ്രതിനിധികളുമായി സംസാരിക്കുമ്പോഴാണ് സംസ്ഥാന സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.

തിരുവല്ല വിഭാഗീയതയുടെ തുരുത്തായി മാറി. നല്ല കേഡർമാർ പാർട്ടി ഉപേക്ഷിച്ചു പോവുകയാണ്. മൂല്യശോഷണം സംഭവിച്ചവർക്ക് പാത എളുപ്പമാകുന്നു. പാർട്ടി ആൾക്കൂട്ടമായി മാറി. പാർട്ടിയുടെ മെറിറ്റും മൂല്യങ്ങളും അട്ടിമറിക്കുന്ന പ്രവർത്തനം ജില്ലയിൽ നടക്കുന്നുണ്ട്. സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്കെതിരെ ഒട്ടേറെ പരാതികൾ സംസ്ഥാന കമ്മിറ്റിക്ക് ലഭിക്കുന്നു. പേര് വയ്ക്കാത്ത പരാതികളാണ് ലഭിക്കുന്നത്. ഭയംകൊണ്ട് പേര് വെക്കുന്നില്ല എന്നാണ് കത്തിൽ പറയുന്നതെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

263 പ്രതിനിധികളും 34 ജില്ലാ കമ്മിറ്റി അംഗങ്ങളുമാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 30-ന് രാവിലെ പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കും. വൈകിട്ട് നാലിന് റാലി നടക്കും. അഞ്ചിന് കെഎസ്ആർടിസി മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കും.