പല മീനുകൾ കൊണ്ടുള്ള തോരൻ നിങ്ങൾ കഴിച്ചിട്ടുണ്ടാകും. എന്നാൽ ഉണക്കമീൻ മാന്തൾ കൊണ്ട് ഒരു തോരൻ നിങ്ങൾ ഒരിക്കലും കഴിച്ച് കാണില്ല. ഇതിന്റെ രുചി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ഒരിക്കലെങ്കിലും ഇത് ഉണ്ടാക്കി നോക്കിയാൽ തീർച്ചയായും നിങ്ങൾ ഇത് വീണ്ടും വീണ്ടും ഉണ്ടാക്കുകയും ഭക്ഷണത്തിനൊപ്പം കഴിക്കുകയും ചെയ്യും. എങ്ങനെയാണ് മാന്തൾ തോരൻ ഉണ്ടാക്കേണ്ടതെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
മാന്തൾ
ചെറിയ ഉള്ളി
എണ്ണ
കറിവേപ്പില
മഞ്ഞൾപൊടി
മുളകുപൊടി
ചതച്ച മുളക്
തയ്യാറാക്കേണ്ട രീതി
മീനിന്റെ തോലെല്ലാം കളഞ്ഞ് കഴുകി വൃത്തിയാക്കി എടുക്കുക. അതിനുശേഷം ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് മീൻ വറുത്തെടുക്കാൻ ആവശ്യമായ കുറച്ച് എണ്ണയൊഴിച്ച് കൊടുക്കണം. മീൻ എണ്ണയിലേക്ക് ഇട്ട് രണ്ടു വശവും നല്ലതുപോലെ മൂത്ത് ക്രിസ്പ്പായി വരുന്നതുവരെ വറുത്തെടുക്കുക. ശേഷം അതേ പാനിലേക്ക് 20 ചെറിയ ഉള്ളി ചതച്ചത് ചേർത്ത് വഴറ്റിയെടുക്കണം. അതോടൊപ്പം കുറച്ച് കറിവേപ്പില കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ചെറിയ ഉള്ളിയുടെ പച്ചമണമെല്ലാം പോയി നിറം മാറി തുടങ്ങുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി, മുളകുപൊടി, ഒരു ടേബിൾ സ്പൂൺ അളവിൽ ചതച്ച മുളക് എന്നിവ കൂടി ചേർത്തു കൊടുക്കാം. എല്ലാ പൊടികളും ഉള്ളിയോടൊപ്പം കിടന്ന് നല്ലതുപോലെ വഴണ്ട് പച്ചമണമെല്ലാം പോയി കിട്ടണം. ഈയൊരു സമയം കൊണ്ട് നേരത്തെ വറുത്തുവെച്ച ഉണക്കമീൻ ചെറിയ കഷണങ്ങളായി മുറിച്ചു വയ്ക്കാം. തയ്യാറാക്കി വെച്ച മസാല കൂട്ടിലേക്ക് ചെറിയ കഷണങ്ങളായി മുറിച്ചു വെച്ച ഉണക്കമീൻ കൂടിയിട്ട് നല്ലതുപോലെ ഇളക്കിയെടുക്കുക. ഇത്രയും ചെയ്താൽ നല്ല രുചികരമായ ഉണക്കമീൻ തോരൻ റെഡിയായി കഴിഞ്ഞു.