ക്രിസ്മസ്- ന്യൂഇയർ അവധി പ്രമാണിച്ച് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ മെമു സർവീസ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവെ. എറണാകുളം ജംഗ്ഷനില്‍ നിന്ന് തിരുവനന്തപുരം നോര്‍ത്തിലേക്കും (കൊച്ചുവേളി) തിരിച്ചും 12 കോച്ചുകളുള്ള മെമു സര്‍വീസാണ് റെയില്‍വെ പ്രഖ്യാപിച്ചത്. ഡിസംബര്‍ 30,31 ജനുവരി ഒന്ന് എന്നീ തീയതികളില്‍ മാത്രമാണ് സര്‍വീസ്. 06065/06066 എന്നിങ്ങനെയാണ് ട്രെയിന്‍ നമ്പരുകള്‍. രാവിലെ 9.10ന് എറണാകുളം ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന സര്‍വീസ് കോട്ടയം, കൊല്ലം വഴി ഉച്ചയ്ക്ക് 12.45ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. മടക്ക യാത്ര 12.55ന് തിരുവനന്തപുരം നോര്‍ത്ത് സ്റ്റേഷനില്‍ നിന്ന് കൊല്ലം കോട്ടയം വഴി വൈകിട്ട് 4.35ന് എറണാകുളം ജംഗ്ഷനില്‍ എത്തും.