Automobile

ആക്ടിവയ്ക്ക് ഒത്ത എതിരാളി; ഹീറോയുടെ പുതിയ സ്‌റ്റൈലന്‍ ഹീറോ ഡസ്റ്റിനി 125 എത്താൻ ദിവസങ്ങൾ മാത്രം | hero destini 125

മോഡേണ്‍ റെട്രോ ലുക്കിലാണ് സ്‌കൂട്ടറിന്റെ മുന്‍ഭാഗം പൂര്‍ത്തിയാക്കിയിരിക്കുന്നത്

വണ്ടിപ്രാന്തന്മാർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് രണ്ടു വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഓട്ടോ എക്സ്പോ. ഓട്ടോ എക്സ്പോയും ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയും ഇപ്പോൾ ലയിച്ചിരിക്കുകയാണ്. 2025 ജനുവരി 17 മുതൽ ന്യൂഡൽഹിയിൽ വച്ചാണ് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് വാഹനങ്ങളുടെ മാമാങ്കം ഒരുക്കാൻ പോകുന്നത്. കാർ, ബൈക്ക് ബ്രാൻഡുകൾ പുത്തൻ മോഡലുകളുടെ അവതരണത്തിനും വില പ്രഖ്യാപനത്തിനുമായി ഈ വേദി ഉപയോഗിക്കും.. ലോകത്തിലെ തന്നെ ഏറ്റവും വലിയ ടൂവീലർ ബ്രാൻഡ് ആയ ഹീറോ മോട്ടോകോർപ്പും ഓട്ടോ എക്സ്പോയിൽ എത്തുന്നുണ്ട്.

ഹീറോ മോട്ടോകോര്‍പ്പ് അതിന്റെ പുതിയ സ്‌കൂട്ടറായ ഡെസ്റ്റിനി 125-ന്റെ വില 2025 ഓട്ടോ എക്സ്പോയില്‍ വെച്ച് പ്രഖ്യാപിക്കാന്‍ പോകുകയാണ്. നേരത്തെ ഇത് 2024-ല്‍ ലോഞ്ച് ചെയ്യാനിരുന്നതായിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് വൈകി. പുത്തന്‍ സ്റ്റൈലിംഗിലാണ് ഹീറോ പുതിയ ഡെസ്റ്റിനി 125 രൂപകല്‍പന ചെയ്തിരിക്കുന്നത്. മോഡേണ്‍ റെട്രോ ലുക്കിലാണ് സ്‌കൂട്ടറിന്റെ മുന്‍ഭാഗം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇത് ഡെസ്റ്റിനിക്ക് നന്നായി ചേരുന്നതായി തോന്നുന്നു. ഇതിന് പുതിയ എല്‍ഇഡി ഹെഡ്‌ലൈറ്റുകളും സൈഡ് പാനലുകളുമുണ്ട്. ഇതിന്റെ ടോപ്പ് വേരിയന്റ് ബ്ലാക്ക് ഷേഡിലാണ് വരുന്നത്. അതില്‍ കോപ്പര്‍ ഇന്‍സെര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. ആപ്രോണ്‍, മിററുകള്‍, സൈഡ് പാനലുകള്‍, ടെയില്‍ സെക്ഷന്‍ എന്നിവയില്‍ ഈ ഇന്‍സെര്‍ട്ടുകള്‍ കാണാനാകും

ഇതുകൂടാതെ ഡാര്‍ക്ക് ബ്രൗണ്‍ കളറിലുള്ള ഫേ്ലോര്‍ബോര്‍ഡ് സ്‌കൂട്ടറിന്റെ വിശാലവും നീളവുമുള്ളതുമായ സീറ്റുമായി പൊരുത്തപ്പെടുന്നു. സംയോജിത ബാക്ക്‌റെസ്റ്റോടുകൂടിയ ഗ്രാബ്-റെയിലും യാത്രക്കാരുടെ സൗകര്യത്തിനായി നല്‍കിയിട്ടുണ്ട്. അത് സുഖകരവും ഉപയോഗപ്രദവുമാണ്. നിരവധി നൂതന ഫീച്ചറുകളും പുതിയ ഡെസ്റ്റിനി 125 സ്‌കൂട്ടറില്‍ ഹീറോ നല്‍കിയിട്ടുണ്ട്. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ പുതിയ ഡെസ്റ്റിനി 125-ല്‍ കാണാം.

പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ ഇതിന് സിവിടി ഗിയര്‍ബോക്സുമായി ജോടിയാക്കിയ 125 സിസി എഞ്ചിനാണ് തുടിപ്പേകുന്നത്. 7,000 ആര്‍പിഎമ്മില്‍ 9 bhp പവറും 5,500 ആര്‍പിഎമ്മില്‍ 10.4 Nm ടോര്‍ക്കും നല്‍കുന്ന തരത്തില്‍ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. ഇതിന് പുറമെ ഹീറോ സൂമിന് സമാനമായ അലോയ് വീലുകള്‍ നല്‍കിയിട്ടുണ്ട്.

മറ്റ് സൈക്കിള്‍ പാര്‍ട്ടുകള്‍ നോക്കിയാല്‍ മുന്നില്‍ ടെലിസ്‌കോപ്പിക്ക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുക. ബ്രേക്കിംഗിനായി മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്. എന്‍ട്രി ലെവല്‍ വേരിയന്റില്‍ മുന്‍വശത്തും ഡ്രം ബ്രേക്ക് ലഭിക്കും. വിപണിയില്‍ ഹോണ്ട ആക്ടിവ 125, സുസുക്കി ആക്‌സസ് 125, ടിവിഎസ് ജൂപ്പിറ്റര്‍ 125 എന്നിവയ്ക്ക് ഈ സ്‌കൂട്ടര്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തും.

80000 രൂപ മുതല്‍ 85000 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. കുറഞ്ഞ വിലയില്‍ മികച്ച മൈലേജും കുറഞ്ഞ മെയിന്റനന്‍സും സ്റ്റൈലിഷുമായ ഒരു സ്‌കൂട്ടര്‍ തേടുന്നവര്‍ക്ക് ബെസ്റ്റ് ആയിരിക്കും പുതിയ ഡെസ്റ്റിനി 125.

CONTENT HIGHLIGHT: hero destini 125 likely to be launched at 2025 bharat mobility expo