നാം കണ്ടിട്ടില്ലാത്ത ഒരുപാട് കിളികൾ, പേരറിയാത്ത മരങ്ങൾ, ഔഷധ സസ്യങ്ങൾ അപൂർവങ്ങളിൽ അപൂർവങ്ങളായ ധാരാളം ജൈവവൈവിധ്യങ്ങളുടെ സങ്കേതമായി മാറിയ തിരുവനന്തപുരത്തെ അരിപ്പ കാടിനെപ്പറ്റി കൂടുതൽ അറിഞ്ഞാലോ. പശ്ചിമഘട്ടത്തിലെ ഒരു വനപ്രദേശമാണ് അരിപ്പ വനപ്രദേശം. ഏഷ്യയിലെ ഏറ്റവും വലിയ ചതുപ്പ് പ്രദേശങ്ങളിലൊന്നായ ശാസ്താംനടയോട് ചേർന്ന് കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചിലാണ് അരിപ്പ വനം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല ഗ്രാമ പഞ്ചായത്തിലാണ് ഈ പ്രദേശം. മക്കാച്ചി കാട, മീൻ പരുന്ത്, കാട്ടുമൂങ്ങ, കോഴി വേഴാമ്പൽ, ചാരത്തലയൻ ബുൾബുൾ എന്നിങ്ങനെ അപൂർവയിനം കിളികളുടെ കൂടാണ് അരിപ്പ പക്ഷി സാങ്കേതം.
അപൂർവ പക്ഷിവർഗമായ മക്കാച്ചിക്കാട എന്ന ശ്രീലങ്കൻ ഫ്രോഗ് മൗത്തിനെ ആദ്യമായി പക്ഷിനിരീക്ഷകർ കണ്ടെത്തിയത് ഇവിടെ നിന്നാണെന്നു പറയപ്പെടുന്നു. മലബാർ വേഴാമ്പൽ, വേഴാമ്പൽ, മരപ്പട്ടി, താടിക്കാരൻ വേലിതത്ത കാട്ടുമൂങ്ങ, ചാരത്തലയൻ ബുൾബുൾ ചാരത്തലയൻ മീൻപരുന്ത്, മേനിപൊന്മാൻ, കാട്ടുപൊടി പൊന്മാൻ, കിന്നരിപ്പരുന്ത്, മീൻ കൂമൻ, മേനിപ്രാവ് കോഴി വേഴാമ്പൽ, ഉപ്പൻകുയിൽ, കാട്ടുതത്ത തുടങ്ങിയ 270ൽ ഏറെ പക്ഷിവർഗങ്ങൾ അരിപ്പയിൽ കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിൽ കാണുന്ന വലിയ മരങ്കൊത്തിയായ ബ്ളാക്ക് വുഡ് പെക്കർ എന്ന കാക്ക മരങ്കൊത്തിയും പക്ഷികളിലെ ഗാനഗന്ധർവനായ ഷാമക്കിളി എന്ന ഇന്ത്യൻ ഷാമയേയും അരിപ്പ വനത്തിൽ ധാരാളമായുണ്ട്. പക്ഷികൾക്കു പുറമേ ആന, കാട്ടുപോത്ത്, മ്ലാവ് , പന്നി, കേഴമാൻ, പുലി, മലയണ്ണാൻ, മരപ്പട്ടി, ചെന്നായ, കാട്ടുപൂച്ച, കൂരമാൻ, മുയൽ തുടങ്ങി നിരവധി വന്യമൃഗങ്ങളും വൈവിധ്യമാർന്ന മരങ്ങളും ഈ വനമേഖലയിലുണ്ട്.
കുന്നുകൾ, താഴ്‌വരകൾ, സമതലങ്ങൾ, തോടുകൾ, വെള്ളച്ചാട്ടങ്ങൾ, ഉയർന്നുനിൽക്കുന്ന മരങ്ങൾ, ഔഷധ സസ്യങ്ങൾ, പക്ഷികൾ, മൃഗങ്ങൾ… അങ്ങനെ അങ്ങനെ അരിപ്പയിലെ കാടുകളുടെ ജീവൻ്റെ തുടിപ്പിനു വൈവിധ്യമേറെയാണ്. തിരുവനന്തപുരം-ചെങ്കോട്ട സംസ്ഥാന പാതയുടെ അരികിലാണ് അരിപ്പയുടെ കാനനഭൂമി സ്ഥിതി ചെയ്യുന്നത്.
‘അരിപ്പ അമ്മയമ്പലം പാച്ച്’ എന്ന പേരിൽ അറിയപ്പെടുന്ന ഈ സങ്കേതത്തിൽ സമതല, നിത്യഹരിത വനമാണുള്ളത്. വലിയ കുന്നിറക്കങ്ങളില്ലാത്ത നിരപ്പായിട്ടുള്ള വനമേഖലയായതിനാൽ പക്ഷികളെ കാണാനും നിരീക്ഷിക്കാനും കഴിയുന്നു എന്നതാണ് ഇവിടത്തെ സവിശേഷത. കേരളത്തിലെ രണ്ടാമത്തെ ഫോറസ്റ്റ് ട്രെയിനിങ് കോളജ് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.