വര്‍ഷത്തിലേത് കാലവും മഴപെയ്തുകൊണ്ടിരിക്കുന്ന ഒരവസ്ഥയെ അല്പമൊരസഹിഷ്ണുതയോടെ മാത്രമേ കവിഹൃദയങ്ങള്‍ക്ക് പോലും ഉള്‍കൊള്ളാനാവൂ. ഒരുപക്ഷേ, മേഘാലയയെ ലോകം മുഴുവന്‍ അറിയപ്പെടാന്‍ ഇടയാക്കുന്നതിന് ഒരു പ്രധാന കാരണം ഒരുകാലത്ത് അനുസ്യൂതമായി പെയ്തുകൊണ്ടിരുന്ന ചിറാപുഞ്ചിയെന്ന മഴനാടിന്റെ സാന്നിദ്ധ്യമാവാം. ഏതായാലും മഴയെ സ്നേഹിക്കുന്നവരെയും അല്ലാത്തവരെയും ചിറാപുഞ്ചി വിസ്മയിപ്പിക്കും. സൊഹ്ര എന്ന നാടന്‍ പേരില്‍ അറിയപ്പെടുന്ന ഈ പ്രദേശം നിമ്നോന്നതമായ കുന്നുകളും മനോഹരമായ നിരവധി വെള്ളച്ചാട്ടങ്ങളും ബംഗ്ലാദേശ് സമതലത്തിന്റെ മോഹന ദൃശ്യങ്ങളും ഉള്‍കൊണ്ടതാണ്. മലയോരങ്ങളിലെ ഗോത്ര വര്‍ഗ്ഗക്കാരൂടെ ജീവിത സമ്പ്രദായങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ചിറാപുഞ്ചി സന്ദര്‍ശനം അവിസ്മരണീയമാക്കാം.
ഓറഞ്ചുകളുടെ നാട് എന്നര്‍ത്ഥം വരുന്ന ചിറാപുഞ്ചിയില്‍ വര്‍ഷം മുഴുവന്‍ തോരാതെ മഴപെയ്യുമെങ്കിലും കൃഷിയ്ക്കനുയോജ്യമായ ഭൂപ്രദേശങ്ങള്‍ ഇവിടെ വിരളമാണ്. തുടര്‍ച്ചയായി പെയ്യുന്ന മഴയും വര്‍ഷങ്ങളായി അഭംഗുരം തുടരുന്ന വനനശീകരണവും ഈ മണ്ണിന്റെ ഫലഭൂയിഷ്ടതയെ നിര്‍വീര്യമാക്കിയതാണ് കാരണം. ഒരുകൈ കൊണ്ട് പ്രഹരിക്കുമ്പോഴും മറുകൈ കൊണ്ട് തലോടുന്ന പ്രകൃതിയുടെ അലംഘനീയ നിയമം ചിറാപുഞ്ചിയിലും അനുവര്‍ത്തിച്ചത് കാണാം. സമൃദ്ധമായ മഴവെള്ളം കൊണ്ട് സദാ സജീവമായ ഒരുപാട് വെള്ളച്ചാട്ടങ്ങള്‍ ഇവിടെയുണ്ട്. കുന്നുകളുടെ മുകളില്‍ നിന്ന് താഴെ ഇടുങ്ങിയ ഗര്‍ത്തങ്ങളിലേക്ക് കുതിച്ച് ചാടുന്ന ജലധാരകള്‍ സന്ദര്‍ശകരുടെ കണ്ണിന് കുളിരും ഒരുനാളും മറക്കാനാവാത്ത അനുഭൂതിയും സമ്മാനിക്കും. മവ് സമയി, നൊഹ കലികൈ, ഡൈന്‍-ത്ലെന്‍ എന്നീ വെള്ളച്ചാട്ടങ്ങള്‍ ചിറാപുഞ്ചിയുടെ മുഖമുദ്രകളാണ്. ഏറ്റവും ഉയരത്തില്‍ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് നൊഹ കലികൈ. വിനോദ അഭിരുചികളെ ഉത്തേജിപ്പിക്കുന്ന സായ് മിക പാര്‍ക്കും റിസോര്‍ട്ടുകളും ചിറാപുഞ്ചിയിലെത്തുന്ന സഞ്ചാരികളുടെ നിമിഷങ്ങളെ സാര്‍ത്ഥകമാക്കാന്‍ പോന്നവയാണ്.
ഷില്ലോങില്‍ നിന്ന് ഇടുങ്ങിയ മലഞ്ചെരിവുകള്‍ക്കിടയില്‍ വളഞ്ഞുപുളഞ്ഞു കിടക്കുന്ന മഞ്ഞ് മൂടിയ ഒറ്റയടിപ്പാത താണ്ടി, മേഘങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ മുട്ടിയുരുമ്മിയുള്ള അവിസ്മരണീയമായ യാത്രയ്ക്കൊടുവിലാണ് ദേവലോക പ്രതീതിയുണര്‍ത്തുന്ന ചിറാപുഞ്ചിയില്‍ സഞ്ചാരികള്‍ എത്തിച്ചേരുന്നത്. നിര്‍മ്മലമായ ഒരു സഞ്ചാരകേന്ദ്രമായി ജനമനസ്സുകളില്‍ ചിരകാലം നിലനില്‍ക്കാന്‍ പാകത്തില്‍ പ്രകൃതി സൊഹ്രയെ കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ട്. കാഴ്ചകള്‍ കണ്ട് ചുറ്റിക്കറങ്ങുന്ന ഒരു സാധാരണ വിനോദസഞ്ചാരമെന്നതില്‍ ഉപരി ഒരുപാട് സാഹസിക വിനോദങ്ങള്‍ക്കും ചിറാപുഞ്ചിയില്‍ അവസരങ്ങളുണ്ട്. പതിവ് സഞ്ചാരകേന്ദ്രങ്ങളില്‍ നിന്ന് വഴിമാറി സഞ്ചരിക്കുന്നവരെ തൃപ്തിപ്പെടുത്തുന്ന എല്ലാ ഘടകങ്ങളും ഈ മോഹന സങ്കേതത്തിലുണ്ട്.
മേഘാലയയിലെ ഈസ്റ്റ് ഖാസി ഹില്‍സ് എന്ന ജില്ലയുടെ ഉപ വിഭാഗമാണ് ചിറാപുഞ്ചി. സമുദ്രനിരപ്പില്‍ നിന്ന് 1484 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ പീഠഭൂമിയില്‍ നിന്നാല്‍ കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന ബംഗ്ലാദേശ് സമതലത്തിന്റെ അനര്‍ഘ സുന്ദരമായ കാഴ്ച കാണാം. വര്‍ഷത്തില്‍ 463.33 ഇഞ്ച് മഴ ശരാശരി ഇവിടെ വര്‍ഷിക്കാറുണ്ടെന്ന് ആധികാരിക രേഖകള്‍ പറയുന്നു. ലോകത്തിലെ തന്നെ ഏറ്റവും ഈര്‍പ്പമുള്ള പ്രദേശങ്ങളിലൊന്നാണ് ചിറാപുഞ്ചി. പ്രശാന്തമായ ഖാസി ഹില്‍സിലേക്കുള്ള ബ്രിട്ടീഷുകാരുടെ കടന്നുവരവ് ഈ മേഖലയില്‍ പല മാറ്റങ്ങളും വരുത്തി. പണ്ടത്തെ പൂര്‍വ്വ ബംഗാളിലെ സിഹ്ലറ്റ് ജില്ല വഴി പത്തൊമ്പതാം നൂറ്റാണ്ടില്‍ നുഴഞ്ഞുകയറിയ ഈസ്റ്റിന്ത്യാ കമ്പനിയുടെ ഡേവിഡ് സ്കോട്ട് എന്ന ഉദ്യോഗസ്ഥന്‍ ഇവിടെ കാതലായ മാറ്റങ്ങള്‍ വരുത്തി. ചിറാപുഞ്ചിയെ ചിറാസ്റ്റേഷന്‍ എന്ന പേരില്‍ അറിയപ്പെടാനും ഖാസി, ജൈന്‍ശ്യ ജില്ലകളുടെ ആസ്ഥാന കാര്യാലയമായി അതിനെ അവരോധിക്കാനും ഈ ബ്രിട്ടീഷ് മേധാവി മുന്‍കൈ എടുത്തു.
ഷില്ലോങിനെ ബ്രിട്ടീഷുകാര്‍ തലസ്ഥാനമാക്കുന്നത് വരെ ആസ്സാമിന്റെ തലസ്ഥാനമായും ചിറാപുഞ്ചി വര്‍ത്തിച്ചിട്ടുണ്ട്. വെല്‍സ് മിഷന്റെ വരവോടെ ചിറാപുഞ്ചിയില്‍ സമൂലമായ മാറ്റങ്ങള്‍ അരങ്ങേറി. വില്യം കെറിയുടെ അശ്രാന്ത പരിശ്രമങ്ങളുടെ ഫലമായി ചിറാപുഞ്ചിയെ മാമോദീസ മുക്കി. ആതുര സേവനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവ് പോലെ അതിന് മറയാക്കി. നിരക്ഷരരും ജീവിതത്തിന്റെ താഴെ തട്ടില്‍ നിവസിക്കുന്നവരുമായ ഗോത്ര വര്‍ഗ്ഗക്കാരുടെ ഇടയില്‍ ചെന്ന് കൃഷി വികസനത്തിന്റെ പാഠങ്ങള്‍ പകര്‍ന്ന് അവരെ കയ്യിലെടുത്തു. ക്രമേണ ഉത്തര-പൂര്‍വ്വ ഇന്ത്യയിലെ ആദ്യത്തെ ചര്‍ച്ച് പടുത്തുയര്‍ത്താന്‍ ആ നാട്ടുകാരെ പ്രചോദിതരാക്കി. 1820 ലായിരുന്നു ഈ ചര്‍ച്ച് ചിറാപുഞ്ചിയുടെ മണ്ണില്‍ വേരുകളാഴ്ത്തിയത്. ഗോത്രവര്‍ഗ്ഗക്കാരുടെ വികസനത്തിന് വേണ്ടി പ്രയത്നിക്കുന്നതോടൊപ്പം തന്നെ ചിറാപുഞ്ചിയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകളും സാമ്രാജ്യത്വത്തിന്റെ ഈ നീരാളി കാണാതിരുന്നില്ല.
ഒരുവശത്ത് സിഹ്ലറ്റ് സമതലവും മറുഭാഗത്ത് ആസ്സാം കുന്നുകളുമുള്ള ചിറാപുഞ്ചിയെ ബ്രിട്ടീഷുകാര്‍ക്ക് നന്നെ ബോധിച്ചു. തന്ത്രപ്രധാനമായ താവളമായി ചിറാപുഞ്ചിയെ അവര്‍ തിരഞ്ഞെടുത്തു. ഇവിടത്തെ അനുഗ്രഹീതമായ കാലാവസ്ഥ അവരുടെ കുതന്ത്രങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കി. ഷില്ലോങില്‍ നിന്ന് 55 കിലോമീറ്റര്‍ മാത്രം ദൂരമേയുള്ളു ചിറാപുഞ്ചിയിലേക്ക്. റോഡ് വഴി 2 മണിക്കൂര്‍ യാത്ര ചെയ്താല്‍ ഈ സഞ്ചാരകേന്ദ്രത്തിലെത്താം. ഏത് സമയത്തും ലഭ്യമാകുന്ന സ്വകാര്യ, സര്‍ക്കാര്‍ വാഹനങ്ങളുടെ ബാഹുല്യം ഷില്ലോങ്-ചിറാപുഞ്ചി യാത്രയെ അനായാസമാക്കുന്നുണ്ട്. വര്‍ഷത്തില്‍ ശരാശരി 11931.7 മില്ലിമീറ്റര്‍ മഴ ലഭിക്കുന്ന പ്രദേശമാണ് ചിറാപുഞ്ചി. നിരന്തരമായ മഴയും ഇടയ്ക്ക് കനത്ത മഴയും സന്ദര്‍ശകര്‍ക്ക് നേരിടേണ്ടതായി വരും. വല്ലാതെ മഴ വര്‍ഷിക്കാത്ത വേനല്‍ കാലമാകട്ടെ ചൂടുള്ളതും ആര്‍ദ്രവുമായിരിക്കും.
STORY HIGHLIGHTS: A trip to Cherrapunji