Entertainment

വിശ്വസ്തനായിരുന്ന കെ.ബി.ഗണേഷ് കുമാർ നടി ശ്രീവിദ്യയെ പറ്റിച്ചോ? ഗണേഷിനെ തള്ളിപ്പറഞ്ഞ് ശ്രീവിദ്യയുടെ സഹോദര ഭാര്യ

മലയാള സിനിമയുടെ ഒരു കാലഘട്ടത്തെ രേഖപ്പെടുത്തുന്ന മുഖമാണ് നടി ശ്രീവിദ്യയുടേത്. മറ്റു പല താരങ്ങളെയും പോലെ അന്യഭാഷയിൽ നിന്നും മലയാളത്തിന് ലഭിച്ച മികച്ച അഭിനേത്രികളിൽ ഒരാൾ. 1967ലെ ‘തിരുവാറുചെൽവർ’ എന്ന തമിഴ് സിനിമയിലെ ബാലതാരമായാണ് ശ്രീവിദ്യയുടെ അരങ്ങേറ്റം. നാല് പതിറ്റാണ്ടു നീണ്ട സിനിമാ ജീവിതത്തിൽ 800 ഓളം സിനിമകളാണ് ശ്രീവിദ്യ നൽകിയിട്ടു പോയത്. മലയാളം, തമിഴ് സിനിമകളിലാണ് പ്രധാനമായും ശ്രീവിദ്യ അഭിനയിച്ചതെങ്കിലും, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും അവർ സാന്നിധ്യമറിയിച്ചിരുന്നു. ക്യാൻസർ ബാധിതയായി അകാലത്തിൽ പൊലിഞ്ഞ ശ്രീവിദ്യയുടെ വേർപാടുമായി പൊരുത്തപ്പെടുക അവരുടെ ആരാധകർക്കും പ്രേക്ഷകർക്കും അത്ര എളുപ്പമായിരുന്നില്ല.

ഇപ്പോൾ നടി ശ്രീവിദ്യയുടെ മരണവുമായി ബന്ധപ്പെട്ട് ശ്രീവിദ്യയുടെ വിശ്വസ്തൻ ആയിരുന്ന ഇന്ന് കേരള മന്ത്രിയായ കെ.ബി.ഗണേഷ് കുമാറിനെതിരെ ഗുരുതരാരോപണം ഉന്നയിക്കുകയാണ്  ശ്രീവിദ്യയുടെ സഹോദര ഭാര്യ വിജയലക്ഷ്മി. ശ്രീവിദ്യയുടെ സ്വത്തുക്കളുടെ പവർ ഓഫ് അറ്റോണിയായി ഗണേഷ് കുമാറിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കീമോ തെറാപ്പിക്കു വിധേയയായ കാലത്ത് ശ്രീവിദ്യ ഇത്തരത്തിൽ ഒരു വിൽപത്രം തയാറാക്കിയെന്നത് വിശ്വസിക്കാൻ പ്രയാസമാണ്. ശ്രീവിദ്യയുടെ ലക്ഷക്കണക്കിനു രൂപയുടെ സ്വത്തിന് എന്തു സംഭവിച്ചെന്ന് അറിയില്ലെന്നും, സഹോദരൻ ശങ്കറിനെയും കുടുംബത്തെയും ശ്രീവിദ്യയിൽ നിന്ന് അകറ്റി നിർത്താൻ ഗണേഷ്കുമാർ ശ്രമിച്ചെന്നമാണ് ആരോപണം.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നൃത്ത വിദ്യാർഥികൾക്ക് ട്രസ്റ്റ് വഴി സഹായം നല്‍കണമെന്ന വിൽപത്രത്തിലെ പ്രധാന നിർദേശം നടപ്പാക്കിയിട്ടില്ല. 15 ലക്ഷത്തിലേറെ തുകയുടെ ബാങ്ക് ഡിപ്പോസിറ്റും 580 ഗ്രാം സ്വർണവും ഒന്നര കിലോഗ്രാം വെള്ളിയും കാറും അടക്കമുള്ള സമ്പാദ്യങ്ങളുള്ളതായി വിൽപത്രത്തിലുണ്ട്. ഇവയ്ക്ക് എന്തു സംഭവിച്ചെന്ന് അറിയില്ല. ശ്രീവിദ്യയുടെ നിരവധി സ്വത്തുവകകൾ വിൽപത്രത്തിൽ ഉൾപ്പെട്ടിട്ടില്ല.  ശ്രീവിദ്യയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന ട്രസ്റ്റ്, അത് നടപ്പാക്കാൻ നടപടിയുണ്ടാകണമെന്നും ഗലാട്ട പ്ലസിന് നൽകിയ ആഭിമുഖത്തിൽ വിജയലക്ഷ്മി ആവശ്യപ്പെട്ടു.