ചെന്നെെ: അണ്ണാ സര്‍വകലാശാല ക്യാംപസില്‍ വിദ്യാർഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുറന്ന കത്തെഴുതി നടനും വെട്രി കഴകം പാർട്ടി അധ്യക്ഷനും കൂടിയായ വിജയ്. ഏത് സാഹചര്യത്തിലും സംരക്ഷിക്കുമെന്നും സഹോദരനായി ഒപ്പമുണ്ടാകുമെന്നും വിജയ് കത്തില്‍ പറയുന്നു. തമിഴക വെട്രി കഴകം പാർട്ടിയുടെ ഔദ്യോഗിക പേജിലാണ് ഈ കത്ത് വിജയ് പങ്കുവച്ചത്.
ഒന്നുകൊണ്ടും വിഷമിക്കേണ്ടെന്നും സുരക്ഷിതമായ ഒരു തമിഴ്നാട് നിർമ്മിക്കുമെന്നും വിജയ് ഉറപ്പുനൽകി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വേദനിപ്പിക്കുന്നുവെന്നും ഏത് സാഹചര്യത്തിലും നിങ്ങളെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ സഹോദരനായി എപ്പോഴും ഒപ്പമുണ്ടാകുമെന്നും ഇപ്പോൾ പഠനത്തിൽ മാത്രം ശ്രദ്ധിക്കണമെന്നും വിജയ് കത്തിൽ ആവശ്യപ്പെടുന്നു.
‘നിങ്ങളുടെ സുരക്ഷയെക്കുറിച്ച് ഞങ്ങൾ ആരോടാണ് ചോദിക്കേണ്ടത്? നമ്മളെ ഭരിക്കുന്നവരോട് എത്ര ചോദിച്ചിട്ടും കാര്യമില്ല. അതിനാലാണ് ഈ കത്ത് എഴുതുന്നത്. തമിഴ്നാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പടെ സ്ത്രീകൾ അതിക്രമങ്ങൾക്ക് ഇരയാകുന്നു. ഇതിൽ എനിക്ക് വേദനയുണ്ട്. എന്ത് സാഹചര്യം വന്നാലും ഒരു സഹോദരനായി ഞാൻ നിങ്ങൾക്കൊപ്പം ഉണ്ടാകും. നിങ്ങളെ സംരക്ഷിക്കും. ഒന്നിലും വിഷമിക്കാതെ പഠനത്തിൽ ശ്രദ്ധിക്കണം. സുരക്ഷിതമായ തമിഴ്നാട് നാം നിർമ്മിക്കുമെന്ന് ഉറപ്പ് നൽകുന്നു. ഞങ്ങൾ ഒരുമിച്ച് അത് ഉടൻ ഉറപ്പാക്കും’,- അദ്ദേഹം കുറിച്ചു.
ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ സംരക്ഷണമോ നൽകാത്ത സക്കാരിന് 2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജനം തിരിച്ചടി നൽകുമെന്ന് വിജയ് നേരത്തെ പറഞ്ഞിരുന്നു. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ 2026ൽ അധികാരത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
CONTENT HIGHLIGHT: vijay’s hand written note