തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ മദ്യനയത്തിനെതിരെ രൂക്ഷ വിമർശനം ഉയരുന്നതിനിടെ കള്ളിന്റെ ഉൽപാദനം വർധിപ്പിക്കാൻ നീക്കം. പൊതുമേഖലാ സ്ഥാപനങ്ങളിലെ തെങ്ങുകളിൽ കള്ളുചെത്താമെന്ന് ടോഡി ബോർഡ് അറിയിച്ചു. ഇതിനുള്ള തൊഴിലാളികളെ ടോഡി ബോർഡ് നിയോഗിക്കും. പൊതുമേഖലയിലെ തെങ്ങുകളുടെ എണ്ണമെടുക്കാൻ ടോഡി ബോർഡ് കർഷക സംഘടനകളുടെ സഹായം തേടിയിട്ടുണ്ട്.
സംസ്ഥാനത്ത് കള്ളിന്റെ ഉത്പാദനം കൂട്ടുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. കേരള ടോഡി എന്ന ബ്രാൻഡിലാകും വിൽപന. തോട്ടങ്ങളിൽ കള്ളുചെത്തു പ്രോത്സാഹിപ്പിക്കണമെന്ന മുൻ മദ്യനയത്തിലെ നിർദേശം നിലനിൽക്കുന്നതിനാൽ നിയമതടസവുമുണ്ടായേക്കില്ല
കണ്ണൂർ ആറളം ഫാമിലെ തെങ്ങിൻതോട്ടത്തിൽ കുറച്ചുഭാഗം ചെത്തിനു നൽകിയിരിക്കുകയാണ്. ചില പഞ്ചായത്തുകളുടെ ഉടമസ്ഥതയിലുള്ള ചില തുരുത്തുകളിലും കള്ളുൽപാദനമുണ്ട്. ഈ രീതി വ്യാപകമാക്കാനാണു നീക്കം. ഈ സാഹചര്യത്തിൽ, പൊതുമേഖലയിൽ ലഭ്യമായ തെങ്ങുകളുടെ എണ്ണമെടുക്കാൻ ടോഡി ബോർഡ് കർഷകസംഘടനകളുടെ സഹായം തേടി.
ഇതോടെ, തെങ്ങിൻകള്ള് കുപ്പിയിലടച്ചു വിൽക്കാൻ അനുവദിക്കണമെന്ന കാര്യവും റിപ്പോർട്ടിലുണ്ട്. ഈ നിർദേശം സർക്കാരിന്റെ പരിഗണനയിലുള്ള മദ്യനയത്തിൽ നേരത്തെയുണ്ട്. ജൈവരീതിയിൽ ആറ് മാസം വരെ കേടുകൂടാതെയിരിക്കുന്ന സാങ്കേതികവിദ്യയുമായി ചില സംരംഭകർ ബോർഡിനെ സമീപിച്ച സാഹചര്യത്തിൽ പദ്ധതി എളുപ്പമാണെന്നാണ് സർക്കാറിന്റെ ചിന്ത.
തുടക്കത്തിൽ ഷാപ്പുകളിലും ഉൽപാദനം വർധിച്ചാൽ റിസോർട്ട്, മാൾ എന്നിവിടങ്ങളിലും കള്ള് വിതരണം ചെയ്യാമെന്നാണ് കണക്ക് കൂട്ടൽ. പുതിയ നീക്കം നടപ്പിലാക്കാൻ കഴിഞ്ഞാൽ ഡ്രൈഡേയിൽ കള്ള് തോട്ടത്തിൽ ഒഴുക്കിക്കളയുന്നതും ഒഴിവാക്കാൻ കഴിയും. നിലവിൽ കള്ള് കുപ്പിയിലടച്ചു വിൽക്കാൻ നിയമ ഭേദഗതി വേണ്ടിവരും. പുതിയ മദ്യനയത്തിന്റെ കരടിലും നിർദേശമുള്ളതിനാൽ കാര്യങ്ങൾ എളുപ്പമാകുമെന്നാണ് സർക്കാർ കണക്ക് കൂട്ടൽ.
CONTENT HIGHLIGHT: kerala toddy production