ഫാഷൻ രംഗത്തെ കാഴ്ചകൾ പലപ്പോഴും നമ്മളെ അതിശയിപ്പിച്ചിരിക്കും. ഇതെന്താ ഇങ്ങനെ എന്ന് ചിന്തിപ്പിക്കുന്ന രീതിയിലുള്ള ഫാഷൻ തരംഗങ്ങൾ ആണ് പലപ്പോഴും പിറക്കാറുള്ളത്. അവയെല്ലാം നമുക്ക് മുന്നിലെത്തുന്നത് സോഷ്യൽ മീഡിയ വഴിയാണ്. അത്തരത്തിൽ ഒരു രസകരമായ കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
പണ്ടൊക്കെ അരി സഞ്ചിയും എടുത്തു കടയിൽ പോകാൻ ആളുകൾക്ക് ഒരു മടിയും ഇല്ലായിരുന്നു. എന്നാൽ കാലം മാറിയതോടുകൂടി കുറച്ച് ഗെറ്റ് അപ്പോട് കൂടി മറ്റേതെങ്കിലും സഞ്ചിയൊക്കെ എടുത്തായിരിക്കും പലരും സൂപ്പർമാർക്കറ്റിൽ പോകുന്നത്. എന്നാൽ ഇവിടെ അരിസഞ്ചിയുമായി സലൂണിൽ പോയ യുവതിയുടെ ചിത്രമാണ് വൈറലായി മാറുന്നത്. അത് ഇവിടെയൊന്നുമല്ല, അങ്ങ് അമേരിക്കയിലാണ്..
എന്നാൽ, ഈ റൈസ് ബാഗുകൾ അത്ര നിസ്സാരക്കാരല്ല കേട്ടോ. പല വിലയിൽ റോയൽ ബസുമതി റൈസ് ബാഗുകൾ ഇന്ന് ലഭ്യമാണ്. ഇൻസ്റ്റാഗ്രാം യൂസറായ അമാൻഡ ജോൺ മംഗലത്തിലാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഒരു യുവതി ബസുമതി റൈസ് ബാഗുമായി സലൂണിൽ ചെന്നിരിക്കുകയാണ്. നല്ല മോഡേൺ ഔട്ട്ലുക്കിലാണ് യുവതിയുള്ളത്.
‘അമേരിക്കയിലെ ഇപ്പോഴത്തെ ട്രെൻഡ് എന്താണെന്ന് നിങ്ങൾ കാണണം. നിങ്ങൾക്കാവട്ടെ അത് എളുപ്പത്തിൽ ലഭിക്കും. ഈ ട്രെൻഡ് കുറഞ്ഞ വിലയ്ക്ക് തന്നെ ഇന്ത്യയിൽ എളുപ്പത്തിൽ ലഭിക്കും’ എന്നും അമാൻഡ വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിട്ടുണ്ട്.
അമാൻഡ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ ഒരു യുവതി ബസുമതി റൈസ് ബാഗും തോളിലിട്ട് സലൂണിൽ നിൽക്കുന്ന ചിത്രം കാണാം. നിരവധിപ്പേരാണ് രസകരമായ കമന്റുകൾ ഈ വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്. ‘ബസുമതി അരിയുടെ ബാഗുണ്ടാവുമ്പോൾ ആർക്ക് വേണം ഗൂച്ചി ബാഗ്’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘ഒടുവിൽ, ഗ്ലോബൽ ഫാഷനിൽ തരംഗം സൃഷ്ടിക്കാൻ ഒരു ഇന്ത്യൻ കയറ്റുമതി ഇതാ!’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
CONTENT HIGHLIGHT: woman with basmati rice bag in us