ചേരുവകൾ:-
മൂപ്പെത്തിയ ചക്ക
മഞ്ഞൾപ്പൊടി – 1 ടീ സ്പൂണ്
മുളക് പൊടി / പച്ചമുളക് – എരുവിന് ആവശ്യമായത്
ജീരകം – 1 ടേബിൾ സ്പൂണ്
എള്ള് – 1 ടേബിൾ സ്പൂണ്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:-
ചക്കച്ചുള കുരുവും ചകിണിയും നീക്കി ചെറിയ കഷ്ണങ്ങളായി നുറുക്കി ആവിയിൽ വേവിച്ചെടുക്കുക. വെന്ത ചുളകളിൽ എള്ളും ജീരകവും ഒഴികെ ബാക്കി ചേരുവകളെല്ലാം ചേർത്ത് നന്നായി അരച്ചെടുക്കുക. അതിലേക്ക് ജീരകവും എള്ളും ഇട്ടു നന്നായി ഇളക്കുക. വെള്ളം അധികം ഉപയോഗിക്കരുത്. പപ്പടത്തിനുള്ള മാവ് റെഡിയായി. ഇനി കട്ടിയുള്ള ഒരു പ്ലാസ്റ്റിക്ക് ഷീറ്റാണ് ഇതിനു നല്ലത്. പായയിലോ പനമ്പിലോ തുണി വിരിച്ച് അതിലാണ് പണ്ടൊക്കെ പപ്പടവും കൊണ്ടാട്ടവുമൊക്കെ തയ്യാറാക്കിയിരുന്നത്. പക്ഷേ കൈകാര്യം ചെയ്യാൻ അതിനേക്കാളും എളുപ്പം പ്ലാസ്റ്റിക്ക് ഷീറ്റാണ്. നല്ല വെയിലുള്ള സ്ഥലത്ത് ഷീറ്റ് വിരിക്കുക. തയ്യാറാക്കിയ മാവ് ഒരു പരന്ന സ്പൂൺ കൊണ്ട് കുറേശ്ശെയായി കോരിയിട്ട് സ്പൂണിന്റെ അടിഭാഗം കൊണ്ട് ദോശ പരത്തുന്നതുപോലെ പരത്തുക. രാവിലെ എട്ടുമണിക്കു മുൻപ് ഈ പണിചെയ്തുതീർത്താൽ നന്ന്. വൈകുന്നേരത്തോടെ പപ്പടങ്ങൾ ഷീറ്റിൽ നിന്ന് ഇളകിപ്പോരാൻ തുടങ്ങും. പിറ്റേദിവസം മറുഭാഗം ഉണക്കുക. ഇങ്ങനെ തിരിച്ചും മറിച്ചുമിട്ട് മൂന്നുനാലു ദിവസം നന്നായി ഉണക്കണം. ഒരു എയർ റ്റൈട്ട് കണ്ടൈനറിൽ സൂക്ഷിച്ചു വയ്ക്കാം. ആവശ്യത്തിനു വറുത്ത് ഉപയോഗിക്കാം