ആവശ്യമായ ചേരുവകൾ
മീൻ – 1 കിലോ
കുടംപുളി
ചെറിയ ഉള്ളി – 8 അല്ലി
വെളുത്തുള്ളി – 6 അല്ലി
ഇഞ്ചി ചതച്ചത് – ഒരു വലിയ കഷണം
മഞ്ഞൾപ്പൊടി – 1/2 ടേബിൾ സ്പൂൺ
മല്ലിപ്പൊടി – 2 ടേബിൾ സ്പൂൺ
കാശ്മീരി മുളക്പൊടി – 3 ടേബിൾ സ്പൂൺ
തയ്യാറാക്കേണ്ട രീതി
ആദ്യം അര ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടിയും രണ്ട് ടേബിൾ സ്പൂൺ മല്ലിപ്പൊടിയും മൂന്ന് ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടിയും കൂടെ കുറച്ച് വെള്ളം ചേർത്ത് മിക്സ് ചെയ്തെടുക്കണം. മസാലപ്പൊടികൾ കരിഞ്ഞ് പോവാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഒരു മൺചട്ടി ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. വെളിച്ചെണ്ണ നന്നായി ചൂടായാൽ രണ്ട് നുള്ള് ഉലുവ ചേർക്കുക. ശേഷം കുറച്ച് കറിവേപ്പിലയും എട്ട് വലിയ ചുവന്നുള്ളി ചെറുതായി അരിഞ്ഞതും ആറ് വലിയ അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ഒരു വലിയ കഷണം ഇഞ്ചി ചതച്ചെടുത്തതും ചേർക്കുക. ഇനി ഇതെല്ലാം നല്ലൊരു ഗോൾഡൻ കളറാവുന്നത് വരെ വഴറ്റിയെടുക്കുക. അടുത്തതായി നേരത്തെ മിക്സ് ചെയ്ത് വച്ച മസാലപ്പൊടികൾ ചേർക്കുക. മസാലകൾ നന്നായി വഴന്ന് വന്നാൽ അഞ്ച് കഷണം കുടംപുളി നന്നായി കഴുകി പതിനഞ്ച് മിനിറ്റോളം വെള്ളത്തിലിട്ട് കുതിർത്തെടുത്തത് വെള്ളത്തോടെ ചേർക്കാം. ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം കൂടെ ചേർത്ത് കൊടുക്കാം. തിളച്ചു വരുമ്പോൾ വൃത്തിയാക്കിയെടുത്ത മീനുകൾ ഇതിലേക്ക് ഇടുക. 15 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക ശേഷം തുറന്നു നോക്കിയാൽ നമ്മുടെ അടിപൊളി മീൻ മുളകിട്ടത് റെഡി.