കൊല്ലം: ദീർഘകാലമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ താലൂക്ക് അദാലത്തുകൾ വഴി കഴിയുന്നതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ കൊല്ലം താലൂക്ക് തല അദാലത്ത് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പൊതു പരാതി അദാലത്തിന് പുറമേ ഓരോ വകുപ്പുകളും പ്രത്യേകമായി അദാലത്തുകൾ നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം നൽകാൻ കഴിഞ്ഞു. തദ്ദേശം, തീരദേശം, വനം തുടങ്ങിയ മേഖലകളിൽ കേന്ദ്രീകരിച്ച് നടത്തിയ അദാലത്തുകൾ മികച്ച വിജയം ആയിരുന്നു. പരാതികളുടെ എണ്ണത്തിൽ കുറവ് വന്നതും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ തെളിവാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പരമാവധി പരാതികൾക്ക് പരിഹാരം കാണുകയാണ് ലക്ഷ്യമെന്ന് പരിപാടിയിൽ അധ്യക്ഷയായ ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. അദാലത്തുകൾ തുടങ്ങുന്നതിനു മുന്നോടിയായി 829 പരാതികളാണ് ലഭിച്ചത്. ജില്ലാതല ഉദ്യോഗസ്ഥർ ഇവ പരിശോധനയ്ക്ക് വിധേയമാക്കി, 572 ഓളം പരാതികൾക്ക് പരിഹാരം കാണിച്ച് മറുപടി തയ്യാറാക്കിയിട്ടുണ്ട്. അദാലത്ത് ദിനവും പരാതികൾ സ്വീകരിക്കാൻ കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്.
എം.എൽ.എ.മാരായ എം മുകേഷ്, എം നൗഷാദ്, മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപൻ, ഡെപ്യൂട്ടി മേയർ കൊല്ലം മധു, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ, ജില്ലാ കലക്ടർ എൻ ദേവിദാസ്, എ.ഡി.എം ജി നിർമ്മൽ കുമാർ, സബ് കലക്ടർ നിഷാന്ത് സിൻഹാര, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
content highlight :talukwise-adalats-are-resolving-long-term-issues-of-common-people-says-minister-kn-balagopal