മലയാളികളുടെ അടുക്കളയിൽ വെളിച്ചെണ്ണക്കുള്ള സ്ഥാനം പ്രത്യേകം പറയേണ്ട ആവശ്യമില്ല. വെളിച്ചെണ്ണ ഇല്ലാത്ത വിഭവങ്ങൾ കേരളീയർക്ക് വളരെ കുറവായിരിക്കും. മറ്റു സ്ഥലങ്ങളിലേക്ക് താമസിക്കാൻ പോകുന്നവർ കയ്യിൽ കരുതുന്ന കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി വെളിച്ചണ്ണയെ കാണാറുണ്ട്. കാരണം നാട്ടിൽ കിട്ടുന്ന അത്രയും ശുദ്ധമായ സാധനം അവിടെ കിട്ടണമെന്നില്ല. അതുകൊണ്ടുതന്നെ വലിയൊരു അളവിൽ ആയിരിക്കാം അവർ പലപ്പോഴും വെളിച്ചെണ്ണ വാങ്ങിക്കാറുള്ളത്. രുചിയിൽ മാത്രമല്ല, ഗുണങ്ങളിലും ഏറെ മുന്നിലാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയുടെ ആരോഗ്യഗുണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞാലോ ?
ഹൃദയാരോഗ്യം
വെളിച്ചെണ്ണയിൽ ഉയർന്ന അളവിലുള്ള ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ‘നല്ല’ എച്ച്ഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് വർധിപ്പിക്കാനും ‘മോശം’ എൽഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. ഇതുവഴി ഹൃദയരോഗ്യം സംരക്ഷിക്കപ്പെടുകയും ചെയ്യും.
ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം
ദിവസവും വെളിച്ചെണ്ണ പുരട്ടുന്നത് ചർമ്മത്തെ മോയ്‌സ്ചറൈസ് ചെയ്യാൻ സഹായിക്കും. കൂടാതെ അൾട്രാവയലറ്റ് രശ്മികൾക്കെതിരെ സംരക്ഷണ കവചമായി പ്രവർത്തിക്കാനും സഹായിക്കും. ഇതിനെല്ലാം പുറമെ മുടിയുടെ വളർച്ചക്കും ആരോഗ്യത്തിനും വെളിച്ചെണ്ണ തലയിൽ തേക്കുന്നത് നല്ലതാണ്…
പ്രതിരോധശേഷി വർധിപ്പിക്കൽ
വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ലോറിക് ആസിഡിനും മോണോലോറിനും ആന്റിമൈക്രോബയൽ, ആൻറിവൈറൽ ഗുണങ്ങളുണ്ട്. ശുദ്ധമായ വെന്ത വെളിച്ചെണ്ണ കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കുകയും അണുബാധകൾ, വൈറസുകൾ എന്നിവയെ ചെറുക്കാൻ സഹായിക്കുകയും ചെയ്യും.
ദഹനത്തിന്
വെളിച്ചെണ്ണയ്ക്ക് ആൻറി-ഇൻഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് ദഹനത്തെ സഹായിക്കും. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിച്ചേക്കാം.
പ്രമേഹ നിയന്ത്രണം
വെളിച്ചെണ്ണയിലെ എംസിടികൾക്ക് ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കാനും ഗ്ലൂക്കോസ് ടോളറൻസ് മെച്ചപ്പെടുത്താനും കഴിയും. ഇത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
അസ്ഥികളുടെ ആരോഗ്യം
കാൽസ്യം ആഗിരണം ചെയ്യാനും എല്ലുകളുടെ ആരോഗ്യത്തിനും ആവശ്യമായ വിറ്റാമിൻ ഡി പോലുള്ളവയെ ആഗിരണം ചെയ്യാൻ വെളിച്ചെണ്ണ സഹായിക്കുന്നു. ഇത് അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്താനും ഓസ്റ്റിയോപൊറോസിസ് തടയാനും സഹായിക്കും.
ഹോർമോൺ ബാലൻസ്
ശുദ്ധമായ വെന്ത വെളിച്ചെണ്ണ കുറഞ്ഞ അളവില്‍ കഴിക്കുന്നത് എൻഡോക്രൈൻ സിസ്റ്റത്തിന്റെ പ്രവർത്തനത്തെ സഹായിക്കും. ഹോർമോൺ അസന്തുലിതാവസ്ഥയോ ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങളോ അനുഭവിക്കുന്ന സ്ത്രീകൾക്ക് ഇത് സഹായകരമാകും.
വെളിച്ചെണ്ണക്ക് ധാരാളം ആരോഗ്യഗുണങ്ങൾ ഉണ്ടെങ്കിലും എല്ലാവർക്കും ഒരുപോലെ ഇത് ഗുണം ചെയ്‌തെന്ന് വരില്ല. നിങ്ങളുടെ ആരോഗ്യസ്ഥിതിക്ക് അനുയോജ്യമായ ഭക്ഷണക്രമം തെരഞ്ഞെടുക്കുന്നതിന് ആരോഗ്യവിദഗ്ധന്റെ ഉപദേശം തേടുന്നത് നല്ലതാണ്.