കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്കാരത്തിന് നാലു താരങ്ങള്‍ അര്‍ഹരായി. ഷൂട്ടിംഗ് താരം മനു ഭാക്കർ, ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ ഹർമൻ പ്രീത് സിംഗ്, ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷ്, പാരാലിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവ് പ്രവീൺകുമാർ എന്നിവർക്കാണ് ഖേൽരത്ന പുരസ്ക്കാരം ലഭിച്ചത്. മലയാളി നീന്തൽ താരം സജൻ പ്രകാശിന് അർജുന അവാർഡ് ലഭിച്ചു. 32 പേരാണ് അർജുന അവാർഡിന് അർഹരായത്. പുരസ്കാരങ്ങൾ ജനുവരി 17ന് രാഷ്ട്രപതി സമ്മാനിക്കും.
പാരിസ് ഒളിമ്പിക്‌സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടി മനു ഭാക്കര്‍ ചരിത്രമെഴുതിയിരുന്നു. ഷൂട്ടിങ് വ്യക്തിഗത വിഭാഗത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രമാണ് മനു ഭാക്കർ സ്വന്തമാക്കിയത്. സിംഗപ്പൂരില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ ചൈനീസ് ചെസ് താരം ഡിങ് ലിറെനിനെ തോല്‍പ്പിച്ചാണ് 18 കാരനായ ഗുകേഷ് ലോകചാമ്പ്യനായത്. ഇതോടെ ലോകചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡും ഗുകേഷിന് ലഭിച്ചു.
പാരിസ് ഒളിമ്പിക്‌സില്‍ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിനെ നയിച്ചത് ഹർമൻപ്രീത് സിങ്ങായിരുന്നു. പാരിസ് പാരാലിംപിക്സിൽ ടി64 പുരുഷ ഹൈജംപില്‍ സ്വർണം നേടിയ താരമാണ് പ്രവീൺ കുമാർ. സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ നേതൃത്വം നൽകുന്ന 12 അംഗ സെലക്ഷൻ കമ്മിറ്റിയാണ് പുരസ്കാരത്തിനായി താരങ്ങളെ ശുപാർശ ചെയ്തത്.