Kerala

ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തിൽ പോയാൽ മതി: കെബി ഗണേഷ് കുമാർ

ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തിൽ പോയാൽ മതിയെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ടെന്നും അതിൽ മാറ്റം വരുത്തണോയെന്ന് തീരുമാനിക്കേണ്ടത് തന്ത്രിയാണെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. ഭരണാധികാരികൾക്ക് നിർദേശങ്ങൾ ഉണ്ടെങ്കിൽ തന്ത്രിയുമായി കൂടിയാലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങളെ തള്ളിക്കൊണ്ടാണ് ​ഗണേഷ് കുമാറിൻ്റെ പ്രതികരണം.

അതേസമയം, ആർടിഒ ഓഫീസുകളിൽ പൊതുജനങ്ങളിൽ നിന്ന് പരാതി സ്വീകരിക്കുന്നത് ഉച്ചവരെ മാത്രമാണെന്നും ഉച്ചക്ക് ശേഷം ഉദ്യോഗസ്ഥർ ഫയലുകൾ തീർപ്പാക്കണമെന്നും ​ഗണേഷ്കുമാർ കൂട്ടിച്ചേർത്തു. ഒരു ഫയലും അഞ്ച് ദിവസത്തിന് കൂടുതൽ പിടിച്ചു വയ്ക്കാൻ പാടില്ല. ഫയൽ പിടിച്ചു വച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും തീരുമാനം മന്ത്രിക്കും ബാധകമാണെന്നും കെബി ഗണേഷ് കുമാർ പറഞ്ഞു.