Kerala

ദുരന്തബാധിതരുടെ പുനരധിവാസം: സ്‌പോണ്‍സര്‍മാര്‍ക്ക് പ്രത്യേക ഐഡി നല്‍കും, പ്രത്യേക വെബ് പോര്‍ട്ടലും

വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോ​ഗം ചേർന്നു. 100ല്‍ താഴെ വീടുകൾ സ്പോൺസർ ചെയ്തവരുടെ യോ​ഗമാണു ചേർന്നത്. വീട് നിർമാണവുമായി ബന്ധപ്പെട്ട ചെലവുകൾ വിലയിരുത്തി പരമാവധി സഹായം നൽകുമെന്ന് സ്പോൺസർമാർ അറിയിച്ചു. ഒരുമിച്ച് ഒറ്റക്കെട്ടായി നീങ്ങി പുനരധിവാസം പൂർത്തിയാക്കുമെന്നും അതിനുള്ള പിന്തുണയ്ക്കു നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

പുനരധിവാസത്തില്‍ പങ്കാളികളാകുന്ന സ്‌പോണ്‍സര്‍മാര്‍ക്ക് പ്രത്യേക ഐഡി നല്‍കും. സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പ്രത്യേക വെബ് പോര്‍ട്ടലും തയാറാക്കും. മാത്രമല്ല ഓണ്‍ലൈന്‍ പെയ്‌മെന്റ് ഓപ്ഷനും ഉണ്ടാകും.

സ്‌പോണ്‍സര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റും മറ്റ് അംഗീകാരങ്ങളും നല്‍കും. സ്‌പോണ്‍സര്‍ഷിപ്പ് മാനേജ്‌മെന്റിനായി പ്രത്യേക യൂണിറ്റ് ഉണ്ടാകും. ഇതിനുവേണ്ടി ഒരു സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റി പിഐയുന്റെ പ്രവര്‍ത്തനം അവലോകനം ചെയ്യും. മുഖ്യമന്ത്രിതലത്തിലും സെക്രട്ടറിതലത്തിലും ഉള്ള അവലോകനവും ഉണ്ടാകും. ഡിഡിഎംഎ, സ്‌പോണ്‍സര്‍, കോണ്‍ട്രാക്ടര്‍ എന്നിവര്‍ തമ്മിലുള്ള ത്രികക്ഷി കരാര്‍ ഉണ്ടാകും. കരാറിന്റെ നിര്‍വഹണം പിഐയു ഏകോപിപ്പിക്കും. നിര്‍മ്മാണ പ്രക്രിയകളുടെ ഉപാധികളും നിബന്ധനകളും സമയക്രമങ്ങളും പാലിക്കുന്നു എന്ന് ഉറപ്പാക്കും.

ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.