Kerala

കേരള രാജ്യാന്തര ഊര്‍ജ മേള; ഓണ്‍ലൈന്‍ മെഗാ ക്വിസ് ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ, ഏതു പ്രായക്കാര്‍ക്കും മത്സരിക്കാം

എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2025 ഫെബ്രുവരി 7,8,9 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഇന്റര്‍നാഷണല്‍ എനര്‍ജി ഫെസ്റ്റിവലിനോടനുബന്ധിച്ച് മെഗാക്വിസ് മത്സരം സംഘടിപ്പിക്കും. എല്ലാ പ്രായത്തിലും ഉള്ളവര്‍ക്ക് മത്സരിക്കാന്‍ സാധിക്കുന്ന മെഗാക്വിസിന്റെ പ്രചരണാര്‍ത്ഥം 63-ാമത് സ്‌കൂള്‍ കലോത്സവ നഗരിയില്‍ സ്റ്റാള്‍ തയ്യാറായി. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു. ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് മത്സരാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാവുന്നതാണ്. ആദ്യഘട്ട മത്സരം ഓണ്‍ലൈനായി ഫെബ്രുവരി 2 വൈകീട്ട് 3 മണിക്ക് നടക്കും. ആദ്യഘട്ട മത്സര വിജയികള്‍ ഫെബ്രുവരി 9 ന് ഐ.ഇ.എഫ്.കെ വേദിയില്‍ വെച്ച് നടക്കുന്ന ഗ്രാന്റ് ഫിനാലെയിലേക്ക് യോഗ്യത നേടും. പ്രശസ്തിപത്രം, ഫലകം എന്നിവയോടൊപ്പം ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനമായി 50,000 രൂപയും മൂന്നാം സമ്മാനമായി 25,000 രൂപയും വിജയികള്‍ക്ക് ലഭിക്കും. കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും മറ്റ് വിജയികള്‍ക്ക് ലഭിക്കും. രജിസ്‌ട്രേഷനുള്ള അവസാന തീയതി 2025 ജനുവരി 26. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2594922 emck@keralaenergy.gov.in. രജിസ്‌ട്രേഷനായി ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക.

രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും നിശ്ചയിക്കുന്ന തീയതിയില്‍ നിങ്ങള്‍ക്ക് തന്നിരിക്കുന്ന ലോഗിന്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ഇ എം സി വെബ്‌സൈറ്റില്‍ emck@keralaenergy.gov.in ഓണ്‍ലൈന്‍ ക്വിസ് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമായിരിക്കും. രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കിയ ഇമെയില്‍ ഐഡിയില്‍ ഓണ്‍ലൈന്‍ ക്വിസ് സംബന്ധിച്ച അറിയിപ്പ് ലഭിക്കും. ഓണ്‍ലൈന്‍ ക്വിസില്‍ ആകെ 50 ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. ചോദ്യങ്ങളും ഉത്തരങ്ങളും മലയാളത്തില്‍ ആയിരിക്കും. ഊര്‍ജം, പൊതുവിജ്ഞാനം എന്നീ മേഖലകളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. ഒരേ സമയം സ്‌ക്രീനില്‍ ഒരു ചോദ്യം മാത്രമേ ഉണ്ടാവൂ. ഒരു ചോദ്യത്തിന് ഉത്തരം രേഖപ്പെടുത്താന്‍ പരമാവധി ലഭിക്കുന്ന സമയം 10 സെക്കന്റായിരിക്കും.

ഉത്തരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്തണം, തന്നിരിക്കുന്ന നാല് ഓപ്ഷനുകളില്‍ നിന്ന് അനുയോജ്യമായ ഒന്ന് ക്ലിക് ചെയ്യേണ്ടതാണ്. പത്ത് സെക്കന്റിന് ശേഷമേ അടുത്ത ചോദ്യം സ്‌ക്രീനില്‍ തെളിയുകയുള്ളൂ. ഒരിക്കല്‍ ഉത്തരം രേഖപ്പെടുത്തിയാല്‍ അത് മാറ്റാന്‍ സാധിക്കില്ല. ഓരോ ശരി ഉത്തരത്തിനും ഒരു മാര്‍ക്ക് വീതം ലഭിക്കുന്നതാണ്. തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കുന്നതല്ല. സമനില വരുന്ന സാഹചര്യത്തില്‍ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ശരിയായ ഉത്തരം രേഖപ്പെടുത്തിയ വ്യക്തിയെ വിജയിയായി തീരുമാനിക്കും. ജനുവരി 26 ആണ് രജിസ്‌ട്രേഷനുള്ള അവസാന തീയതി. അതിന് ശേഷം മോക്ക് ടെസ്റ്റിന് അവസരമുണ്ടാകും. രജിസ്റ്റര്‍ ചെയ്തവരെ ഈ വിവരം ലഭ്യമാക്കിയ മൊബൈല്‍ നമ്പര്‍ ഇമെയില്‍ ഐഡി എന്നിവ വഴി അറിയിക്കും. ജില്ലാ തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വിജയിയെ വ്യക്തിപരമായി അറിയിക്കുന്നതാണ്. ഇവര്‍ക്ക് തിരുവനന്തപുരത്ത് വെച്ച് ഓഫ് ലൈനായി നടക്കുന്ന ഐ.ഇ.എഫ്.കെ മെഗാ ക്വിസ് ഗ്രാന്റ് ഫിനാലെയില്‍ നേരിട്ട് പങ്കെടുക്കുന്നതിന് അവസരം ലഭിക്കും.