ഹൈക്കോടതി ജഡ്ജിയായിരുന്നപ്പോഴും, വിരമിച്ച ശേഷവും താൻ കടുത്ത സൈബർ അധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന് ഹൈക്കോടതി മുൻ ജഡ്ജി കെമാൽ പാഷ. താൻ ഇതൊന്നും വക വയ്ക്കുന്നില്ല. എതിർക്കുന്നവരെ അസഭ്യം പറയാൻ വേണ്ടി ചില രാഷ്ട്രീയ പാർട്ടികൾ പണം നൽകി നൂറുകണക്കിനാളുകളെ നിയമിച്ചിട്ടുണ്ടെന്നും കമാൽ പാഷ പറഞ്ഞു. മുഖവും നട്ടെല്ലുമില്ലാത്ത ഭീരുക്കളാണ് സൈബർ ആക്രമണങ്ങൾക്ക് പിന്നിലെന്നും ഭരിക്കുന്ന പാർട്ടിക്കെതിരെ വസ്തുതകൾ പറയുമ്പോഴാണ് സൈബർ അണികളുടെ വിമർശനം ഉണ്ടാകുന്നതെന്നും കമാൽ പാഷ പറഞ്ഞു. സർക്കാരിനെ വിമർശിച്ചാൽ സൈബർ അക്രമണം ഉണ്ടാകുന്നു. ഒരു രാഷ്ട്രീയപാർട്ടി അസഭ്യം പറയാൻ 100 പേരെ പണം കൊടുത്തു നിയമിച്ചിട്ടുണ്ടെന്നും കമാൽ പാഷ ആരോപിച്ചു.
സാധാരണക്കാർ മുഖം ഇല്ലാത്തവനെതിരെ പരാതിയുമായി എങ്ങനെ മുന്നോട്ടു പോകുമെന്നും അദ്ദേഹം ചോദിച്ചു. ആരോഗ്യകരമായ വിമർശനം നടത്തിയപ്പോൾ തന്റെ സെക്യൂരിറ്റിയെ സർക്കാർ പിൻവലിച്ചു. എത്ര വിമർശനം ഉണ്ടായാലും ആരോഗ്യപരമായ വിമർശനങ്ങൾ തുടരാൻ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യങ്ങൾ പരിധിവിട്ടു പോവുകയാണ് എന്നും നടപടികൾ ഉണ്ടായില്ല എങ്കിൽ ആളുകൾ സോഷ്യൽ മീഡിയയെ വെറുത്തു തുടങ്ങും എന്നും കമാൽ പാഷ കൂട്ടിച്ചേർത്തു. സൈബർ അധിക്ഷേപം കാരണം സ്ത്രീകൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായെന്നും കമാൽ പാഷ ചൂണ്ടിക്കാട്ടുന്നു.