ഉപ്പു മാവിനോളം എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ മറ്റൊരു വിഭവമില്ല. അധികം ചേരുവകളൊന്നും ഇതിന് ആവശ്യമില്ല. പഴുത്ത പഴവും, പഞ്ചസാരയും ചേർത്ത് ഉപ്പുമാവ് കഴിക്കാം. ചിലയിടങ്ങളിൽ ഉപ്പുമാവിൽ തേങ്ങ ചിരകിയത് കൂടി ചേർക്കാറുണ്ട്. എന്നാൽ റവ ഇല്ലാതെ ഉപ്പുമാവ് തയ്യാറാക്കാൻ സാധിക്കുമോ? മുട്ടയും ബ്രെഡും ഉണ്ടെങ്കിൽ രുചികരവും അത്രതന്നെ ഹെൽത്തിയുമായ ഒരു ഇൻസ്റ്റൻ്റ് ഉപ്പുമാവ് തയ്യാറാക്കാൻ സാധിക്കും. അധികം മസാല പൊടികളോ പച്ചക്കറികളോ ആവശ്യമില്ല ഈ പ്രോട്ടീൻ റിച്ച് ആഹാരത്തിന്. ലെജ്ന തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഓംലെറ്റ് ഉപ്പുമാവ് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
മുട്ട
സവാള
പച്ചമുളക്
കറിവേപ്പില
കുരുമുളകുപൊടി
ഉപ്പ്
ബ്രെഡ്
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേയ്ക്ക് നാല് മുട്ട പൊട്ടിച്ചൊഴിക്കാം. സവാള, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞത് അതിലേയ്ക്കു ചേർക്കാം. ആവശ്യത്തിന് കുരുമുളകുപൊടി ഉപ്പ് ഒരുപിടി കറിവേപ്പില എന്നിവ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കാം. ബ്രെഡ് ചെറിയ കഷ്ണങ്ങളായി മുറിച്ച് കലക്കി വച്ചിരിക്കുന്ന മുട്ട മിശ്രിതത്തിൽ ചേർത്തിളക്കാം. ഒരു പാൻ അല്ലെങ്കിൽ ചീനച്ചട്ടി അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിക്കാം. എണ്ണ ചൂടായി വരുമ്പോൾ മുട്ടയും ബ്രെഡും അതിലേയ്ക്കു ചേർത്ത് ഇളക്കി വേവിക്കാം. മുട്ട വെന്ത് പാകമാകുമ്പോൾ അടുപ്പണയ്ക്കാം. കുറച്ച് കറിവേപ്പില മുകളിലായി ചേർത്ത് ചൂടോടെ തന്നെ വിളമ്പി കഴിച്ചു നോക്കൂ.