ഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡൻ്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി. ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിലാണ് അംഗീകാരം നൽകിയതെന്നും ഹൂതി നിയന്ത്രണത്തിലുള്ള സ്ഥലത്താണ് കുറ്റകൃത്യം നടന്നതെന്നും ദില്ലിയിലെ യെമൻ എംബസി വ്യക്തമാക്കി. നേരത്തെ, യെമൻ പ്രസിഡൻ്റ് വധശിക്ഷയ്ക്ക് അനുമതി നൽകിയെന്നാണ് പുറത്തു വന്നത്.
അതേസമയം, നിമിഷ പ്രിയയുടെ മോചനത്തില്‍ പോസിറ്റീവ് ആയ ചില സൂചനകൾ ഉണ്ടെന്ന് യെമനിൽ കാര്യങ്ങൾ ഏകോപിക്കുന്ന സാമൂഹ്യ പ്രവർത്തകൻ സാമുവൽ ജെറോം പ്രതികരിച്ചിരുന്നു. മധ്യസ്ഥ ചർച്ചകൾ പോലും ഇനിയും തുടങ്ങാത്തതിനാൽ മോചനം യാഥാർഥ്യം ആവണമെങ്കിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് സാമുവൽ ജെറോം പറഞ്ഞു. ദയാധനം അടക്കമുള്ള കാര്യങ്ങളിൽ കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിയുടെ കുടുംബം ഒത്തുതീർപ്പിലേക്കെത്താൻ തയ്യാറാവാഞ്ഞതോടെ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകിയെന്നാണ് പുറത്തുവന്ന വാർത്ത.
അതിനിടെ, നിമിഷ പ്രിയയുടെ മോചനത്തിൽ മാനുഷിക പരിഗണനയിൽ ഇടപെടൽ നടത്താൻ തയ്യാറെന്ന് ഇറാൻ അറിയിച്ചതോടെ വീണ്ടും പ്രതീക്ഷയിലാണ് കുടുംബം. ഇറാന് വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് ഇറാൻ്റെ മുതിര്‍ന്ന വിദേശകാര്യ ഉദ്യോഗസ്ഥന് നിമിഷപ്രിയയുടെ മോചനത്തിന് ഇടപെടൽ നടത്താമെന്ന് വ്യക്തമാക്കിയത്. യെമനും ഇറാനും നല്ല ബന്ധത്തിലായതിനാൽ മാനുഷിക ഇടപെടൽ നടത്താനാകുമെന്നാണ് ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. യെമൻ ഭരണകൂടവുമായി ചർച്ചകൾ നടത്താനുള്ള സാധ്യത ഇറാൻ മുന്നോട്ട് വച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ ഇന്ന് നടക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ ചർച്ചയാകുമോ എന്നാണ് കേരളവും പ്രതീക്ഷിക്കുന്നത്.
നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാർഗം തലാലിന്റെ കുടുംബത്തിന് ദയാധനം നൽകുകയായിരുന്നു. തലാലിന്റെ കുടുംബത്തെ നേരിൽ കണ്ട് മാപ്പപേക്ഷിക്കുന്നതിന് വേണ്ടി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനിൽ പോയിരുന്നു. തലാലിന്റെ കുടുംബവുമായും ഗോത്രത്തിന്റെ തലവന്മാരുമായും ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ചർച്ചകൾ വഴിമുട്ടി. പ്രേമകുമാരി ഇപ്പോഴും യെമനിലാണ്.
2017ലാണ് നിമിഷപ്രിയ യെമൻ സ്വദേശി കൊല്ലപ്പെട്ട കേസിൽ ജയിലിലാകുന്നത്. തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണു നിമിഷപ്രിയ. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ പാസ്പോർട്ട് പിടിച്ചെടുത്തു ക്രൂരമായി പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷപ്രിയയുടെ വാദം.
CONTENT HIGHLIGHT: yemeni embassy about nimisha priya