നെല്ലിന്റെ താങ്ങുവില 35 രൂപയാക്കണമെന്നും നെല്ല് സംഭരണത്തിന് ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തി മുഴുവന്‍ നെല്ലും സംഭരിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. നിലവിലുള്ള നെല്ലിന്റെ താങ്ങുവിലയും സംഭരണ രീതിയും കര്ഷകന് പ്രയോജനം ലഭിക്കുന്നതല്ല. നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം 23 രൂപയും സംസ്ഥാന വിഹിതം 5.20 രൂപയുമാണ്. കേന്ദ്ര സര്‍ക്കാര്‍ നാമമാത്രമായ വര്‍ധനവ് വരുത്തുമ്പോള്‍ സംസ്ഥാനം വിഹിതം കുറയ്ക്കുന്നത് കടുത്ത കര്‍ഷക ദ്രോഹമാണ്. 2021-22 വര്‍ഷത്തില്‍ 8.60 രൂപയുണ്ടായിരുന്ന സംസ്ഥാന വിഹിതമാണ് 5.20 രൂപയിലേക്ക് താഴ്ത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം ചുരുങ്ങിയത് 26 രൂപയും സംസ്ഥാന വിഹിതം 9 രൂപയുമായി വര്‍ധിപ്പിച്ച് 35 രൂപയെങ്കിലും ആക്കിയെങ്കില്‍ മാത്രമെ കര്ഷകന് ഗുണമുള്ളൂ.താങ്ങുവില വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. അതിനാവശ്യമായ അടിയന്തരയിടപെടല് കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം.
ഉല്പാദനച്ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനം സബ്ഡിഡിയില് കുറവുവരുത്തുന്നത് കര്‍ഷകര്‍ക്ക് കനത്ത പ്രഹരമാണ്.തൊഴിലാളികളുടെ കൂലിയിലും, രാസവളങ്ങളുടെയും കീടനാശിനികളുടെയും വിലയിലും വലിയ വര്‍ധനവാണ്.ഫാക്ടംഫോസ്, പൊട്ടാഷ്യം എന്നിവയുടെ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. നെല്ല് സംഭരണം കാര്യക്ഷമമാക്കുന്നതിനും സമയബന്ധിതമായി സംഭരിച്ച നെല്ലിന്റെ വില കര്ഷകന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും പാഡി കോര്പ്പറേഷന് രൂപീകരിക്കമെന്ന കര്‍ഷകരുടെ ആവശ്യം അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണം. വന്യമൃഗ ശല്യം തടയുന്നതിനായി സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കുന്നതിന് 50 ശതമാനം സബ്സിഡി നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ.സുധാകരന് ആവശ്യപ്പെട്ടു.