കൊച്ചി: സിപിഎം മുതിർന്ന നേതാവ് ഇ പി ജയരാജന്റെ ആത്മകഥ ചോർന്ന സംഭവത്തിൽ ഡി സി ബുക്സ് മുൻ പബ്ലിക്കേഷൻ മേധാവി എ വി ശ്രീകുമാറിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
കുറ്റകൃത്യം സംഭവിച്ചിട്ടുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി പറഞ്ഞു. എഡിറ്റോറിയൽ കമ്മിറ്റി തെറ്റ് ചെയ്തിട്ടുണ്ടെന്ന് സമ്മതിക്കുന്നുണ്ടോയെന്ന് ശ്രീകുമാറിനോട് ഹൈക്കോടതി ചോദിച്ചു. ഒരു വ്യക്തിയെ അപമാനിക്കുകയായിരുന്നു ഡിസി ബുക്സെന്നും ഉപതെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് പരാതിക്കാരനെ അപമാനിക്കുന്ന തരത്തിൽ പ്രവർത്തിച്ചുവെന്നും കോടതി വിമര്‍ശിച്ചു. മുൻകൂർ ജാമ്യം നൽകാം, പക്ഷേ അപമാനിച്ചു എന്നത് വസ്തുതയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
വയനാട്- ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനമായിരുന്നു രാഷ്ട്രീയ ബോംബായി ഇ പിയുടെ ആത്മകഥാ ഭാഗങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. ഇത് തൻറെ ആത്മകഥയല്ലെന്ന് ഇ പി പരസ്യ നിലപാടെടുത്തതോടെ വിവാദം മുറുകി. ഇ പിയുടെ പരാതിയിൽ കോട്ടയം എസ് പി നടത്തിയ അന്വേഷണത്തിലാണ് ആത്മകഥാ ഭാഗം ചോർന്നത് ഡിസി ബുക്സിൽ നിന്നാണെന്ന കണ്ടെത്തിയത്. ഡിസി ബുക്സിൻ്റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായിരുന്ന എ വി ശ്രീകുമാർ ആത്മകഥാഭാഗങ്ങൾ ചോർത്തിയെന്നാണ് ഡിജിപിക്ക് നൽകിയ പൊലീസ് റിപ്പോർട്ട്. ഇ പി ജയരാജനും ഡി സി ബുക്സും തമ്മിൽ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിൽ രേഖാമൂലമുള്ള കരാർ കണ്ടെത്താനായില്ലെന്നും പൊലീസ് പറയുന്നു. ചോർന്നത് ഡി സിയിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തുമ്പോഴും ഈ കഥാഭാഗങ്ങൾ എങ്ങനെ ഡിസിയിലെത്തി എന്നതിൽ ഇപ്പോഴും സംശയങ്ങൾ ബാക്കിയാണ്. കരാറില്ലാതെ ഇപിയുമായി വാക്കാലുള്ള ധാരണയുടെ പുറത്ത് ആത്മകഥ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചെന്നായിരുന്നു ഡി സി ബുക്സ് വിവാദ സമയത്ത് അനൗദ്യോഗികമായി പറഞ്ഞിരുന്നത്. ആ വാദം ശരിവെക്കും വിധമാണ് പൊലീസ് കണ്ടെത്തൽ.
CONTENT HIGHLIGHT: anticipatory bail get for sreekumar