ഗോതമ്പ് പുട്ടും അരി പുട്ടും കഴിച്ച് മടുത്തോ? എങ്കിൽ ഇനിയൊരു വെറൈറ്റി പുട്ട് പരീക്ഷിച്ച് നോക്കാൻ റെഡിയാണോ? എങ്കിൽ ഇതാ ഒരു സിമ്പിൾ പുട്ട് ഉണ്ടാക്കി നോക്കാം. അല്പം ഓട്ട്സും ചിരകിയ തേങ്ങയും മാത്രം മതി ഇത് തയ്യാറാക്കാൻ. നോക്കാം ഇതെങ്ങനെ തയ്യാറാക്കാമെന്ന്.
ആവശ്യമായ ചേരുവകൾ
ഓട്സ്- 2 കപ്പ്
തേങ്ങ ചിരകിയത്- ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യമായി ഒരു പാൻ അടുപ്പത്ത് വെച്ച് ഓട്സ് വറുത്തെടുക്കുക. ഇത് ആറിക്കഴിഞ്ഞ് തരുതരുപ്പായി പൊടിച്ചെടുക്കണം. ഇനി ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നന്നായി ഇളക്കി ഒരു പത്ത് മിനുട്ട് അടച്ചുവെക്കുക. ഇനി പുട്ടുകുടത്തിൽ വെള്ളം തിളപ്പിക്കുക. ശേഷം ചില്ലിട്ട ശേഷം കുറച്ചു തേങ്ങ ചിരകിയതിടുക. അതിന് മുകളിലേക്ക് ഓട്സിട്ട ശേഷം വീണ്ടും തേങ്ങാ ചിരകിയെത്തിടുക. ഇത് 7 -8 മിനുട്ടോളം വേവിക്കണം. ഇനി പുട്ട് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഇത് ചൂട് കടലക്കറിയോ, ചിക്കൻ കറിയോ കൂട്ടി കഴിക്കാം.