നിയമസഭയില്‍ അന്താരാഷ്ട്രാ പുസ്തകോത്സവം തുടങ്ങി. പുസ്തകോത്സവം ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്. നിയമസഭയില്‍ അംഗമായിരുന്ന പ്രഗത്ഭരെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം ആരംഭിച്ചത്. കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ ജോസഫ് മണ്ടശ്ശേരിയും തോപ്പില്‍ ഭാസിയും അടക്കം നിയമസഭയുടെ യശസ്സ് ഉയര്‍ത്തിയ സാഹിത്യകാരന്‍മാരായിരുന്നുവെന്നും, ആ നീണ്ട നിര എം.കെ. സാനുവും കടമ്മനിട്ട വരെയും നീണ്ടു കിടക്കുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം:
അത്യധികം സന്തോഷത്തോടെയാണ് നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ നില്‍ക്കുന്നത്. രണ്ടുമൂന്നു വര്‍ഷങ്ങള്‍ കൊണ്ടുതന്നെ ഇന്ത്യയിലെ അറിയപ്പെടുന്ന സാഹിത്യോത്സവങ്ങളുടെ മാപ്പില്‍ അടയാളപ്പെടുത്തപ്പെടും വിധം ഇതു ശ്രദ്ധേയമായി എന്നതാണ് ഒന്ന്. പല കാര്യങ്ങളിലും ഇതര നിയമസഭകള്‍ക്കും ഇന്ത്യന്‍ പാര്‍ലമെന്റിനു തന്നെയും മാതൃക കാട്ടിയിട്ടുള്ള കേരള നിയമസഭയ്ക്ക് സാഹിത്യോത്സവത്തിന്റെ കാര്യത്തിലും മാതൃക കാട്ടാന്‍ കഴിയുന്നു എന്നതാണ് മറ്റൊന്ന്.
നമ്മുടെ ഇളംതലമുറയെ അക്ഷരങ്ങളുടെ, പുസ്തകങ്ങളുടെ വെളിച്ചത്തിലേക്കു വലിയ തോതില്‍ ആകര്‍ഷിക്കുന്ന വിധത്തിലാണത് നടത്തപ്പെടുന്നത് എന്നതും, പുറത്തുനിന്നു വളരെ പ്രമുഖരായ സാഹിത്യപ്രതിഭകള്‍ എത്തുന്നുവെന്നതും അവരുമായി ആശയവിനിമയം നടത്താന്‍ കേരളത്തിലെ വായനാസമൂഹത്തിന് ഇത് അവസരമൊരുക്കുന്നു എന്നതും നമുക്കെല്ലാം സന്തോഷം നല്‍കുന്ന കാര്യമാണ്. എഴുത്തുകാര്‍ അംഗീകൃത നിയമനിര്‍മ്മാതാക്കള്‍ തന്നെയാണ് എന്ന് ഒരു ഇംഗ്ലീഷ് സാഹിത്യകാരന്‍ പറഞ്ഞിട്ടുണ്ട്. നിയമസഭയിലുള്ളതാകട്ടെ അംഗീകൃത നിയമനിര്‍മ്മാതാക്കളാണ്. രണ്ടാമത്തെ കൂട്ടരും ആദ്യത്തെ കൂട്ടരും സംഗമിക്കുന്ന സംവാദ വേദികൂടിയാണ് ഇവിടെ ഒരുങ്ങുന്നത്. എഴുത്തുകാര്‍ സമൂഹത്തിന്റെ മാനസിക ജീവിതത്തിനുള്ള നിയമങ്ങള്‍ സര്‍ഗ്ഗാത്മകമായി ഒരുക്കുമ്പോള്‍ എം എല്‍ എമാര്‍ ജനങ്ങളുടെ ഭൗതിക ജീവിതത്തിനുള്ള നിയമങ്ങള്‍ ഭരണഘടനാപരമായി ഒരുക്കുന്നു. ഇരു നിയമങ്ങളും ഇവിടെ സംഗമിക്കുന്നു.
കേരള നിയമസഭയ്ക്ക് സാഹിത്യപ്രതിഭകള്‍ ഒരിക്കലും അന്യരായിരുന്നിട്ടില്ല. പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയും തോപ്പില്‍ ഭാസിയും മുതല്‍ പ്രൊഫ. എം കെ സാനുവും കവി കടമ്മനിട്ട രാമകൃഷ്ണനും വരെയായി എത്രയോ പ്രഗത്ഭര്‍ നമ്മുടെസഭയില്‍ അംഗങ്ങളായിരുന്നിട്ടുണ്ട്. സാഹിത്യ പ്രതിഭകള്‍ ദേശീയതലത്തിലെ പരമോന്നത പുരസ്‌കാരങ്ങള്‍ നാടിനും ഭാഷയ്ക്കും സംസ്‌കാരത്തിനുമായി നേടിത്തരുമ്പോള്‍, അവരെ ഏകകണ്ഠമായി പ്രശംസിച്ച ചരിത്രവും ഈ സഭയ്ക്കുണ്ട്. സഭയില്‍ അംഗങ്ങളായിരുന്ന ഇ എം എസ്, അച്യുതമേനോന്‍, പി ഗോവിന്ദപ്പിള്ള തുടങ്ങി എത്രയോ പ്രമുഖര്‍ സാഹിത്യരംഗത്തുകൂടി സംഭാവനകള്‍ ചെയ്തവരാണ് എന്നതിന്റെ സ്മരണയുയര്‍ത്തുന്ന പശ്ചാത്തലവും നമുക്കുണ്ട്. അതുകൊണ്ടൊക്കെത്തന്നെ, നിയമസഭ പുസ്തകോത്സവം നടത്താന്‍ തീരുമാനിച്ചതില്‍ പ്രത്യേകമായ ഒരു ഔചിത്യ ഭംഗിയുണ്ട്. അത് ഗംഭീരമായ വിജയമാകുന്നു എന്നത് നമ്മുടെ അഭിമാനമാണ്.
ഈ പുസ്തകോത്സവവുമായി ബന്ധപ്പെട്ട് ഒരു നിര്‍ദ്ദേശം മുന്നോട്ടുവെക്കാനുണ്ട്. യുനെസ്‌കോയ്ക്ക്, ഓരോ വര്‍ഷവും ഓരോ നഗരത്തെ ലോക പുസ്തക തലസ്ഥാനമായി അംഗീകരിക്കുന്ന ഒരു പദ്ധതിയുണ്ട്. ഡല്‍ഹി ഈ വിധത്തില്‍ ഒരിക്കല്‍ അംഗീകരിക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ ഏതെങ്കിലുമൊരു നഗരത്തിന് യുണൈറ്റഡ് നേഷന്‍സിന്റെ പുസ്തക തലസ്ഥാനം ‘വേള്‍ഡ് ബുക്ക് ക്യാപിറ്റല്‍’ എന്ന പദവിക്ക് അര്‍ഹതയുണ്ടെങ്കില്‍ ആദ്യംതന്നെ പരിഗണനയ്ക്ക് വരേണ്ടത് നമ്മുടെ ഈ കേരളത്തിന്റെ നഗരങ്ങളാണ്. തലസ്ഥാനത്തിന് പുസ്തകോത്സവങ്ങളുടെ കൂടി തലസ്ഥാനമാവാനുള്ള സര്‍വ യോഗ്യതയുമുണ്ട്. ഇതിനായി യുനെസ്‌കോയ്ക്ക്, ഈ പുസ്തകോത്സവത്തിന്റെ ദൃഷ്ടാന്തം കൂടി മുന്‍നിര്‍ത്തി ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കര്‍ക്ക് കത്തയക്കാവുന്നതാണ്. യുനെസ്‌കോ അത് അംഗീകരിക്കുമെന്നും കോഴിക്കോട് ലോക സാഹിത്യ നഗരി ആയതുപോലെ തിരുവനന്തപുരം യുനെസ്‌കോയുടെ വേള്‍ഡ് ബുക്ക് ക്യാപിറ്റല്‍ സ്ഥാനത്തിന് അര്‍ഹമാവുമെന്നും പ്രത്യാശിക്കട്ടെ.
1945 ലാണല്ലോ യു എന്‍ രൂപീകൃതമായത്. അതേവര്‍ഷം തന്നെ, ഗ്രന്ഥശാലാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചു നമ്മള്‍. എം പി പോള്‍ എസ് പി സി എസ് രജിസ്റ്റര്‍ ചെയ്യുന്നതും അന്നാണ്. നാഷണല്‍ ബുക് സ്റ്റാള്‍ തുറക്കുന്നതും അന്നാണ്. യു എന്നിന്റെ സമാരംഭത്തില്‍ തന്നെ അക്ഷരവുമായി ബന്ധപ്പെട്ട ഒട്ടനവധി പ്രസ്ഥാനങ്ങള്‍ ആഘോഷപൂര്‍വ്വം സമാരംഭിച്ച ഈ കേരളത്തിന്റെ തലസ്ഥാനത്തിനു തന്നെയാണ് യുനെസ്‌കോയുടെ വേള്‍ഡ് ബുക്ക് ക്യാപിറ്റല്‍ പദവി കിട്ടേണ്ടത്. അത് നേടിയെടുക്കുമെന്ന പ്രതിജ്ഞയോടെയാവട്ടെ, ഈ അക്ഷരോത്സവത്തിന്റെ സമാരംഭം. ആ പദവി ലഭിക്കുന്നതിലൂടെ ലോക സാഹിത്യ ഉത്സവ ഭൂപടത്തില്‍ അടയാളപ്പെടട്ടെ ഈ തിരുവനന്തപുരം.
ഇത്തവണത്തെ നിയമസഭാ പുരസ്‌ക്കാരം എം മുകുന്ദന് സമര്‍പ്പിക്കുകയാണ്. പരമ്പരാഗതവും സാമ്പ്രദായികവുമായ എഴുത്തിന്റെ വഴികളില്‍ നിന്നുമാറി നടന്നുകൊണ്ട് രചനയിലും ആസ്വാദനത്തിലും പുതുവഴി വെട്ടിത്തുറന്ന എം മുകുന്ദന്റെ സ്ഥാനം, മലയാളത്തില്‍ ഏറ്റവുമധികം വായനക്കാരുള്ള എഴുത്തുകാരുടെ നിരയിലാണ്. തകഴി, കേശവദേവ്, വൈക്കം മുഹമ്മദ് ബഷീര്‍, ലളിതാംബിക അന്തര്‍ജനം, പൊന്‍കുന്നം വര്‍ക്കി, ചെറുകാട് തുടങ്ങിയ നവോത്ഥാന സാഹിത്യപ്രതിഭകളുടെ തലമുറയ്ക്കുശേഷം മലയാള കഥാ നോവല്‍ സാഹിത്യ മണ്ഡലങ്ങളില്‍ ഏറ്റവുമധികം മുഴങ്ങി നിന്നത് ഒ വി വിജയന്റെയും എം മുകുന്ദന്റെയും ആനന്ദിന്റെയും ശബ്ദങ്ങളാണ്.
തൊട്ടുമുമ്പുള്ള തലമുറയുടെ ചരിത്രത്തെ വ്യാഖ്യാനിച്ചും സമകാലിക ജീവിതത്തെ പ്രതിഫലിപ്പിച്ചും പുതിയ ഒരു സാഹിത്യമുണ്ടാക്കി. മുകുന്ദന്റെ തലമുറയാകട്ടെ, പാശ്ചാത്യ ആധുനികതയുടെ വെളിച്ചത്തില്‍ പുതിയ ഒരു ഭാഷയും ആസ്വാദന സംസ്‌കാരവുമുണ്ടാക്കി. വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നതായിരുന്നു തൊട്ടു മുന്‍ തലമുറയിലെ സാഹിത്യമെങ്കില്‍, മനോഭാവങ്ങളെ അപഗ്രഥിക്കുന്നതായി എം മുകുന്ദന്റെ തലമുറയുടെ സാഹിത്യം. അതില്‍ മുകുന്ദനു വെളിച്ചം പകര്‍ന്നതാകട്ടെ, ഫ്രഞ്ച് സാഹിത്യത്തിലെ ആധുനികതയാണ്. ലോകസാഹിത്യത്തിലെ ചലനങ്ങള്‍ കേരളത്തില്‍ അവതരിപ്പിച്ച മുകുന്ദന്‍ ഈ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വെച്ച് ആദരിക്കപ്പെടുന്നതില്‍ ഒരു ഔചിത്യ ഭംഗിയുണ്ട്.
ഓരോ പഞ്ചായത്തിലും എട്ടു ഗ്രന്ഥശാലകള്‍ വരെയുള്ള ഏക സംസ്ഥാനം കേരളമായിരിക്കും. എണ്ണായിരത്തോളം വായനശാലകള്‍ കേരളത്തിലുണ്ട്. മുപ്പതോളം സാഹിത്യോത്സവങ്ങള്‍ കേരളത്തിലുണ്ട്. ചിലതു ചെറിയവ, ചിലതു വലിയവ. വയനാട്, പെരുവനം, പയ്യന്നൂര്‍, കടത്തനാട് എന്നിങ്ങനെ ഓരോ നാടിന്റെയും പേരില്‍ വരെ അറിയപ്പെടുന്ന പുസ്തകോത്സവങ്ങള്‍ ഇന്നുണ്ട്. കുട്ടികളുടെ വായന പരിപോഷിപ്പിക്കാനുള്ള സംവിധാനങ്ങള്‍ നമുക്കുണ്ട്. വര്‍ഷംതോറും കോടിക്കണക്കിനു ബാലസാഹിത്യ പുസ്തകങ്ങള്‍ വിറ്റഴിക്കപ്പെടുന്നുമുണ്ട്.
വായന മരിക്കുന്നു എന്നു ലോകത്തിന്റെ പല ഭാഗങ്ങളിലും പലരും പറഞ്ഞുകൊണ്ടിരുന്ന വേളയില്‍ പോലും വായന തളിര്‍ക്കുന്ന അനുഭവം നിലനിന്ന നാടാണിത്. ബീഡി തെറുത്തുകൊണ്ടിരിക്കെപ്പോലും പുസ്തകങ്ങള്‍ വായിച്ചു കേട്ടിരുന്നവരുടെ പൈതൃകമുള്ള നാടാണു നമ്മുടേത്. ജോലി ചെയ്യുമ്പോള്‍ ഒരാള്‍ വായിച്ചു കൊടുക്കുക. ലോകം – ഓഡിയോ ബുക്കിനെക്കുറിച്ചു സങ്കല്‍പിക്കുന്ന കാലത്തിനും മുമ്പ് ഇങ്ങനെ മറ്റൊരു രൂപത്തില്‍ ഓഡിയോ ബുക്ക് സംവിധാനം ഏര്‍പ്പെടുത്തിയവരുടെ സംസ്ഥാനമാണിത്. കേരളത്തില്‍ ഫിസിക്കല്‍ ബുക്ക് ഷോപ്പുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതായാണു കാണുന്നത്. ഇ-റീഡിങ് വന്നപ്പോള്‍ പോലും പുസ്തകം കൈയിലെടുത്ത് അതിന്റെ പുതുമയുടെ ഗന്ധം ആസ്വദിച്ചു വായിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ നാടാണിത്. ഇന്ത്യയില്‍ ആദ്യമായി പേപ്പര്‍ ബാക്ക് ബുക്ക് വിപ്ലവം, അതായത് ഗ്രന്ഥങ്ങള്‍ ജനസാമാന്യത്തിന് എന്ന തത്വം മുന്‍നിര്‍ത്തിയുള്ള അക്ഷര വിപ്ലവം സാധ്യമാക്കിയ നാടാണിത്.
1956 ലാണെന്നു തോന്നുന്നു, തകഴിയുടെ ചെമ്മീനിന്റെ പതിനായിരം പ്രതികള്‍ ബുക്കൊന്നിനു കേവലം ഒന്നേകാല്‍ രൂപാ നിരക്കില്‍ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ജനങ്ങളിലേക്കെത്തിച്ചു. അതാണ് കേരളത്തിലെ പേപ്പര്‍ ബാക്ക് വിപ്ലവം. ബുക്ക് റ്റു മാസസ്സ് വിപ്ലവത്തിന്റെ തുടക്കം. ബുക്ക് റ്റു മാസസ്സില്‍ നിന്ന് ഒരുപടി കൂടി കടന്ന് ലിറ്ററേച്ചര്‍ റ്റു മാസസ്സ് എന്ന നിലയിലേക്ക് പുസ്തകങ്ങളെയും സാഹിത്യത്തെയും കുറിച്ചുള്ള കേരളത്തിന്റെ സങ്കല്‍പം ഇന്ന് വളരുകയാണ്.
അതിന്റെ ദൃഷ്ടാന്തമാണ് അഭൂതപൂര്‍വ്വമായ പൊതുജന പങ്കാളിത്തത്തോടെ കേരളത്തില്‍ സംഘടിപ്പിക്കപ്പെടുന്ന പുസ്തകോത്സവങ്ങളും ലിറ്ററേച്ചര്‍ ഫെസ്റ്റുകളും. ചുരുങ്ങിയ കാലത്തിനിടയില്‍ തന്നെ അവയില്‍ വളരെ ശ്രദ്ധേയമായ ഒന്നായി മാറാന്‍ നമ്മുടെ നിയമസഭാ പുസ്തകോത്സവത്തിനു കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനകരമാണ്. കൂടുതല്‍ ഉയരങ്ങള്‍ കൈയ്യടക്കാന്‍ കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 3-ാമത് എഡിഷന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചതായും നിയമസഭാ പുരസ്‌ക്കാരം എം മുകുന്ദന് സമര്‍പ്പിച്ചതായും അറിയിക്കുന്നു.
CONTENT HIGH LIGHTS; Chief Minister Panarai Vijayan said that literary talents were never alien to the Legislative Assembly: Joseph Mundassery, Toppil Bhasi and Professor MK Sanu Kadammaninita Ramakrishna have been members of the Assembly, the Chief Minister recalled.