ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തലേദിവസം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ പുറത്താക്കിയെന്ന് ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അതിഷി. മുഖ്യമന്ത്രിക്ക് അനുവദിച്ച വസതി കത്ത് മുഖേന അവര്‍ റദ്ദാക്കി എന്നും അതിഷി പറഞ്ഞു.
‘ഇന്നാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ മൂന്നുമാസത്തിനകം ഇത് രണ്ടാംതവണയാണ് മുഖ്യമന്ത്രിയായ എനിക്ക് അനുവദിക്കപ്പെട്ട ഔദ്യോഗിക വസതിയില്‍നിന്ന് എന്നെ പുറത്താക്കുന്നത്. മുഖ്യമന്ത്രിക്ക് അനുവദിച്ച വസതി കത്ത് മുഖേന അവര്‍ റദ്ദാക്കി. അത് തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയില്‍നിന്നും സര്‍ക്കാരില്‍നിന്നും തട്ടിയെടുത്തു.’ ആതിഷി പറഞ്ഞു.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പും കേന്ദ്രം ഇത് ആവര്‍ത്തിച്ചിരുന്നു. ഞാന്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എന്റെ വസ്തുവകകളും കുടുംബത്തേയും അവര്‍ തെരുവിലേക്ക് വലിച്ചെറിഞ്ഞു. വീട് തട്ടിയെടുക്കുകയോ വീട്ടുകാരെ ഉള്‍പ്പെടുത്തി ആക്രമിക്കുകയോ ചെയ്താല്‍ ഞങ്ങളെ തടയാന്‍കഴിയുമെന്നാണ് ബിജെപി കരുതുന്നത്. എന്നാല്‍, ഞങ്ങളെ വീട്ടിൽനിന്ന് പുറത്താക്കിയാലും കർത്തവ്യങ്ങളിൽനിന്ന് പിന്നോട്ടുപോകുന്നില്ലെന്നാണ് ഡല്‍ഹിയിലെ ജനങ്ങളോട് എനിക്ക് പറയാനുള്ളത് എന്നും ആതിഷി പ്രതികരിച്ചു.
അതിഷിയെ പിന്തുണച്ചുകൊണ്ട് മന്ത്രിസഭാംഗമായ സൗരഭ് ഭരദ്വാജ് എത്തി. ബിജെപി ഡല്‍ഹിയിലെ ജനങ്ങള്‍ക്കായി ഒന്നുംതന്നെ ചെയ്യില്ല. കുട്ടികള്‍ക്ക് വിദ്യാഭ്യാസം കിട്ടുന്നുണ്ടോ, ആളുകള്‍ക്ക് വൈദ്യുതി ലഭ്യമാണോ എന്നതൊന്നും അവരെ ബാധിക്കുന്ന കാര്യങ്ങളല്ല. ആംആദ്മി നേതാക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
STORY HIGHLIGHT: delhi chief minister atishi