കേരളത്തിലെ ഇൻഫ്ലുവൻസേഴ്സിനെയും കണ്ടൻ്റ് ക്രിയേറ്റർമാരെയും ഉൾപ്പെടുത്തി ഒരുങ്ങുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് റഫേൽ ഫിലം പ്രൊഡക്ഷൻസ്. ക്രിക്കറ്റ് പശ്ചാത്തലമാക്കുന്ന സ്പോര്‍ട്സ് മൂവിയാണ് ഒരുക്കുന്നത്. വിനു വിജയ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കേരളത്തിലെ ഇൻഫ്ലുവൻസേഴ്സ്, കണ്ടന്റ് ക്രിയേറ്റേഴ്സ്, വ്ലോഗേഴ്സ് എന്നിവരെ ഉൾപ്പെടുത്തി ഗംഭീര താരനിരയോടെയാവും ചിത്രം പുറത്തിറക്കുക. ആശ ശരത്, ഗുരു സോമസുന്ദരം, അൽത്താഫ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഇന്ദിര എന്ന സിനിമയുടെ സംവിധായകൻ കൂടിയാണ് വിനു വിജയ്.
കേരളത്തിലെ സോഷ്യൽ മീഡിയ ഭൂപടത്തിൽ വലിയ സ്വാധീനമുള്ളവരെ ഒന്നിപ്പിച്ചുകൊണ്ട് ഒരുക്കുന്ന ഈ സിനിമ പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫെബ്രുവരിയിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം വൻ ബജറ്റില്‍ ഒരുങ്ങുന്ന സ്പോർട്സ് മൂവി ആയിരിക്കുമെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി. റഫേൽ ഫിലിം പ്രൊഡക്ഷൻസിന്റെയും കേരള ഇൻഫ്ലുവൻസേഴ്സ് കമ്മ്യൂണിറ്റിയുടെയും ഈ സംരംഭം വ്യത്യസ്തത പുലർത്തുമെന്നത് ഉറപ്പാണെന്ന് നിർമാതാക്കൾ പറയുന്നത്. ക്രിക്കറ്റ് കളിയുടെ ആവേശം, ഒരു ടീമിന്റെ പ്രതീക്ഷകൾ, ജീവിതത്തിന്റെയും ഫലിതത്തിന്റെയും കളമാക്കുന്ന സന്ദേശങ്ങൾ എന്നിവയെ മുൻനിർത്തിയാണ് ചിത്രം കഥ പറയുന്നത്.