മദ്യവും ഡി.ജെ പാര്‍ട്ടിയുമില്ലാതെ നടത്തുന്ന കല്യാണ ആഘോഷങ്ങള്‍ക്ക് സമ്മാനം പ്രഖ്യാപിച്ച് പഞ്ചാബിലെ ഒരു ഗ്രാമപഞ്ചായത്ത്. ബത്തിന്‍ഡ ജില്ലയിലെ ബാലോ ഗ്രാമമാണ് വിവാഹ ആഘോഷങ്ങളിലെ അസ്വീകാര്യമായ പ്രവണതകൾക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. മദ്യവും ഡി.ജെ പാർട്ടിയുമില്ലാതെ നടത്തുന്ന കല്യാണ ആഘോഷങ്ങൾക്ക് 21,000 രൂപ സമ്മാനം നൽകുമെന്നാണ് ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ചിരിക്കുന്നത്.
കല്യാണത്തിനായുള്ള അനാവശ്യ ചെലവുകള്‍ ഒഴിവാക്കാൻ ഗ്രാമവാസികളെ നിർബന്ധിക്കുന്നതിനായാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ മദ്യപാനം പോലുള്ള സാമൂഹ്യ വിപത്തുകളെ ഒഴിവാക്കിനിർത്തലും ലക്ഷ്യമാണെന്ന് ഗ്രാമപഞ്ചായത്ത് അധ്യക്ഷ അമർജിത് കൗര്‍ പറയുന്നു.
പല കല്യാണ ആഘോഷങ്ങളിലും മദ്യപാനികള്‍ തമ്മിലുള്ള വാക്കുതര്‍ക്കങ്ങള്‍ പതിവാണ്. ഡി.ജെ പാര്‍ട്ടിയില്‍ ഉയർന്ന ശബ്ദത്തിൽ പാട്ടുകള്‍ വെയ്ക്കുന്നത് ശബ്ദമലിനീകരണത്തിനൊപ്പം കുട്ടികളുടെ പഠനത്തെയും ബാധിക്കുന്നു. ഇത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരം എന്ന നിലയിലാണ് ഗ്രാമപഞ്ചായത്തിന്റെ ഈ നടപടി.
STORY HIGHLIGHT: punjab village gives reward for no dj at weddings