എഴുതിയ കൃതിക്ക് അംഗീകാരങ്ങള്‍ ലഭിക്കുന്നതിലല്ല, വ്യക്തി ജീവിതങ്ങളില്‍ പരിവര്‍ത്തനത്തിന് കാരണമാകുമ്പോഴാണ് എഴുത്തുകാരന് വിജയിക്കുകയെന്ന് ബെന്യാമിന്. എഴുത്ത് സമൂഹത്തിൽ എങ്ങനെ മാറ്റം വരുത്തുന്നു എന്നത് വ്യക്തികളാണ് തീരുമാനിക്കുന്നത്. ഒരാൾ പുസ്തകം വായിച്ചു തീര്‍ക്കുന്നത് അതിലുള്ളത് എന്തോ അയാളെ പിടിച്ചിരുത്തുന്നത് കൊണ്ടാണ്. കഥാകാരന് പറയാനുള്ളത് ഒളിച്ചുവെക്കാനുള്ള ഇടമാണ് കഥ. ആ രഹസ്യമാണ് ഏത് സാഹിത്യസൃഷ്ടിയുടെയും സൗന്ദര്യമെന്നും ബെന്യാമിൻ പറഞ്ഞു. ‘എന്റെ എഴുത്തിന്റെയും വായനയുടെയും ജീവിതം’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഥകൾ നമുക്കിടയിലേക്ക് ഇറങ്ങി വരേണ്ടതുണ്ട്. മനുഷ്യനെ ഭിന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഒരുമിപ്പിക്കുന്നത് പുസ്തകങ്ങളാണ്. പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ ശബ്ദമാവുകയാണ് എഴുത്തിന്റെ ലക്ഷ്യം. പുസ്തകങ്ങൾ വിപ്ലവങ്ങൾ സൃഷ്ടിക്കുന്നുണ്ട്. സത്യത്തിന്റെ ദൈവികമായ വെളിപ്പെടുത്തലാണ് എഴുത്ത്.
പ്രവാസകാലത്തെ വായനയാണ് എഴുത്തിലേക്ക് നയിച്ചത്. വായനയ്ക്ക് ശേഷമുള്ള സമയം മാത്രമാണ് ഇപ്പോഴും എഴുത്തിനു നീക്കിവെക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളുടെ കടന്നുവരവോടെ പുതുതലമുറയിൽ വായന കുറഞ്ഞു. ജീവിതത്തിനുവേണ്ടി പോരാടിക്കൊണ്ടിരിക്കണമെന്ന പാഠമാണ് ആടുജീവിതം പകരുന്നത്. ആ ഒരു ധൈര്യമാണ് പുതുതലമുറയ്ക്ക് ജീവിതത്തിൽ ഇല്ലാത്തത്. തോറ്റുപോകരുത് എന്ന പാഠം ആടുജീവിതം പകർന്നതിന്റെ അനുഭവങ്ങളുമായി നിരവധിപേർ കാണാൻ വന്നിട്ടുണ്ട്. അവരുടെ ഹൃദയംതൊട്ട വാക്കുകളേക്കാൾ വലിയ പുരസ്കാരം ഇന്നേവരെ ലഭിച്ചിട്ടില്ലെന്നും ബെന്യാമിൻ പറഞ്ഞു.
STORY HIGHLIGHT: The biggest prize is the impact of writing on life