ലൈംഗിക അധിക്ഷേപക്കേസില്‍ നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂർ അറസ്റ്റില്‍. കൊച്ചി സെൻട്രൽ പോലീസാണ് ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വയനാട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തിച്ച് പ്രാഥമിക ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ബോബിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കില്ലെന്നാണ് വിവരം. ഇന്ന് രാത്രി ബോബി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ കഴിയേണ്ടി വരും.
ബോബി ഒളിവില്‍ പോകാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് കൃത്യമായ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വയനാട്ടില്‍ വെച്ച് കൊച്ചി പോലീസ് നാടകീയമായി കസ്റ്റഡിയിലെടുക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയാലുടൻ ജാമ്യാപേക്ഷ ഫയല്‍ ചെയ്യുമെന്ന് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷന്‍ പറഞ്ഞിരുന്നു. സ്വന്തം വാഹനത്തില്‍ എത്താമെന്ന് പറഞ്ഞിട്ടും പോലീസ് സമ്മതം നല്‍കിയില്ല. അതിനിടെ ഹണിറോസിന്‍റെ രഹസ്യമൊഴി എറണാകുളം ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മാജിസ്‌ട്രേറ്റ് കോടതിയ്ക്ക് മുന്നിൽ പോലീസ് രേഖപ്പെടുത്തിയിരുന്നു.
നടി ഹണി റോസിനെതിരായ സൈബര്‍ ആക്രമണ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. അശ്ലീല പരാമര്‍ശത്തിലൂടെ തന്നെ നിരന്തരം വേട്ടയാടിയെന്നാണ് ഹണി റോസിന്റെ പരാതി. സംഭവത്തിൽ തനിക്കൊപ്പം നിന്ന നിയമസംവിധാനങ്ങള്‍ക്കും പോലീസിനും മുഖ്യമന്ത്രിക്കും ഹണി റോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ നന്ദി അറിയിച്ചിരുന്നു.
STORY HIGHLIGHT: bobby chemmannur arrested