തദ്ദേശ സ്വയംഭരണ പരിഷ്കരണ കമ്മീഷന് രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ബി. അശോക് ഐ.എ.എസിനെ കമ്മീഷനായി നിയമിക്കും. തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിലവിലുള്ള നിയമങ്ങള്‍, ചട്ടങ്ങള്‍, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിന്റെ കൂടി അടിസ്ഥാനത്തില്‍ പരിഷ്കരിക്കാനും, സംതുലിതമായ ഒരു നിലപാട് സ്വീകരിക്കാനും, വികസന സംബന്ധമായ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും, പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുവാനും കഴിയുന്ന രീതിയില്‍ സമഗ്രമായി പുനപരിശോധിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിനാണ് കമ്മീഷനെ നിയമിക്കുന്നത്.
ധനസഹായം
പാലക്കാട് – കോഴിക്കോട് ദേശീയ പാതയില്‍ പനയംപാടത്ത് പരീക്ഷ കഴിഞ്ഞ് മടങ്ങവെ ചരക്ക് ലോറി മറിഞ്ഞ് മരണമടഞ്ഞ നാല് വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കും.
ഇര്‍ഫാന ഷെറിന്, റിദ ഫാത്തിമ, നിദ ഫാത്തിമ കെ.എം, ഐഷ എ.എസ്. എന്നിവരുടെ മാതാപിതാക്കള്‍ക്കാണ് ധനസഹായം ലഭിക്കുക.
തൃശ്ശൂര്‍ നാട്ടിക ദേശീയ പാതയില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ തടിലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 2 ലക്ഷം രൂപ വീതം അനുവദിച്ചു. കാളിയപ്പന്, നാഗമ്മ, ബംഗാരി എന്ന രാജേശ്വരി, വിശ്വ, ജീവന് എന്നിവരുടെ ആശ്രിതര്‍ക്കാണ് ധനസഹായം ലഭിക്കുക.
ഗ്രാഫീന് അറോറ പദ്ധതിക്ക് ഭരണാനുമതി
നവ മെറ്റീരിയല്‍ സാങ്കേതികവിദ്യകളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് ‘ഗ്രാഫീന് അറോറ’ പദ്ധതി നിര്‍വ്വഹണത്തിന് ഭരണാനുമതി നല്കി. 94.85 കോടി രൂപ ചിലവിട്ടാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര ഇലക്ട്രോണിക്സും വിവര സാങ്കേതികവിദ്യയും മന്ത്രാലയത്തിന്റെയും വ്യവസായ പങ്കാളികളുടെയും പങ്കാളിത്തത്തോടുകൂടിയാണ് പദ്ധതി കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി മുഖേന നടപ്പാക്കുന്നത് (സംസ്ഥാന സര്‍ക്കാര്‍ – 47.22 കോടി രൂപ, കേന്ദ്ര ഇലക്ട്രോണിക്സും വിവര സാങ്കേതികവിദ്യയും മന്ത്രാലയം – 37.63 കോടി രൂപ, വ്യവസായ പങ്കാളികള്‍ – 10 കോടി രൂപ)
STORY HIGHLIGHT: Government Reforms Commission