Kerala

പൊതു ഇടങ്ങളിൽ അനധികൃത ബോർഡുകൾ കണ്ടാൽ പരാതിപ്പെടാൻ സംവിധാനം ഏർപ്പെടുത്തണം; സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: പൊതു ഇടങ്ങളിൽ അനധികൃതമായി ബോർഡുകളും കൊടികളും വയ്ക്കുന്നതിനെതിരെ പൗരന്മാർക്കു പരാതി നൽകാനും സമയബന്ധിതമായി പരാതി തീർപ്പാക്കാനും പ്രത്യേക വെബ്സൈറ്റ് ഉൾപ്പെടെ സംവിധാനം ഏർപ്പെടുത്തണമെന്നു ഹൈക്കോടതി സർക്കാരിനു നിർദേശം നൽകി. ഇപ്പോൾ കാര്യക്ഷമമായ സംവിധാനം ഇല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. പരാതികൾ സമയബന്ധിതമായി പരിഹരിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്തം നൽകും വിധമാകണം സംവിധാനം.

ഒരാഴ്ചയ്ക്കകം ഇതിനു നിർദേശം സമർപ്പിക്കാൻ ഓൺലൈനിൽ ഹാജരായ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോടു കോടതി ആവശ്യപ്പെട്ടു. അനധികൃത ബോർഡുകൾ സ്ഥാപിക്കുന്നതിനെതിരെ സർക്കാരും ഡിജിപിയും സർക്കുലറുകൾ ഇറക്കിയതായി സർക്കാർ അറിയിച്ചു. പ്രശ്നം പൂർണമായും നിയന്ത്രണ വിധേയമായിട്ടില്ലെന്നു കോടതിയെ സഹായിക്കുന്ന ‘അമിക്കസ് ക്യൂറി’ അറിയിച്ചു. നിരത്തു നിറയെ ബോർഡുകളും കൊടികളും വയ്ക്കുന്നതിനോടു ജനങ്ങൾക്കു താൽപര്യമില്ലെന്നു രാഷ്ട്രീയക്കാർ മനസ്സിലാക്കാത്തത് എന്താണെന്നു കോടതി ചോദിച്ചു. തദ്ദേശ സ്ഥാപന സെക്രട്ടറിമാരെ വിളിച്ചാൽ കിട്ടാറില്ലെന്ന് ‘അമിക്കസ് ക്യൂറി’ അറിയിച്ചപ്പോൾ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പോർട്ടലിൽ ഉൾപ്പെടുത്തണമെന്നു കോടതി നിർദേശിച്ചു. 15നു കേസ് വീണ്ടും പരിഗണിക്കും.