ഉച്ചഭക്ഷണത്തിന് ശേഷം ചെറുതായി ഉറക്കം വരുന്നതും ക്ഷീണം തോന്നുന്നതുമൊക്കെ സ്വാഭാവികമാണ്. എന്നാല്‍ ഒരു പ്രവൃത്തിയിലും ഏര്‍പ്പെടാന്‍ കഴിയാത്ത വിധം അത്യധികമായ ക്ഷീണം ഉച്ചഭക്ഷണ ശേഷം വരുന്നത് നമ്മുടെ ഭക്ഷണത്തിലെ പോഷണങ്ങളെയും ജീവിതശൈലിയെയും കുറിച്ച് പല ചോദ്യങ്ങളും ഉയര്‍ത്തുന്നു. തെറ്റായ ഭക്ഷണങ്ങള്‍, അമിതമായ തോതിലുള്ള ഭക്ഷണം, ശരീരത്തിന്റെ സിര്‍കാഡിയന്‍ റിഥത്തിലുള്ള മാറ്റങ്ങള്‍ എന്നിവയാണ് ഉച്ചഭക്ഷണത്തിന് ശേഷമുള്ള അമിതമായ ക്ഷീണത്തിന് പിന്നിലുളള പ്രധാന കാരണങ്ങൾ.
കൊഴുപ്പും റിഫൈന്‍ ചെയ്‌ത കാര്‍ബോഹൈഡ്രേറ്റും മധുരവും അധികമായതും ഫൈബര്‍ കുറഞ്ഞതുമായ ഉച്ചഭക്ഷണം അത്യധികമായ ക്ഷീണത്തിലേക്ക് നയിക്കാം. ഈ ഭക്ഷണം ദഹിപ്പിക്കാന്‍ ശരീരത്തിന് അമിത അധ്വാനം ചെയ്യേണ്ടി വരുന്നു.
രക്തപ്രവാഹം ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ ട്രാക്ടിറ്റിലേക്ക് കൂടുതലായി കേന്ദ്രീകരിക്കപ്പെടുന്നത് തലച്ചോര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലേക്കുള്ള രക്തത്തിന്റെയും ഓക്‌സിജന്റെയും വിതരണത്തെ കുറയ്‌ക്കും. ഇത് ഉറക്കം വരാന്‍ കാരണമാകാം.
അരി, ചിക്കന്‍, ഗോതമ്പ്, ഉരുളക്കിഴങ്ങ്, പഞ്ചസാര, ബേക്ക് ചെയ്‌ത ഭക്ഷണങ്ങള്‍ എന്നിവയെല്ലാം ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്ന മെലടോണിന്‍ ഹോര്‍മോണിന്റെ ഉത്‌പാദത്തെ സ്വാധീനിക്കാറുണ്ട്. തുടര്‍ച്ചയായി ശരീരത്തിന് ഊര്‍ജ്ജം നല്‍കിക്കൊണ്ടിരിക്കുന്ന സന്തുലിതമായ ഭക്ഷണക്രമമാണ് ഉച്ചഭക്ഷണത്തിന് ശേഷമുള്ള ക്ഷീണം അകറ്റാനുള്ള പരിഹാരം.
ലീന്‍ പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, ഫൈബര്‍ നിറയെ അടങ്ങിയ പച്ചക്കറികള്‍ എന്നിവയെല്ലാം അടങ്ങിയ ഭക്ഷണമാണ് ഉച്ചയ്‌ക്ക് കഴിക്കേണ്ടത്. ഇതിന്റെ തോത് അമിതമാകാതിരിക്കാനും ശ്രദ്ധിക്കണം. ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ശ്രദ്ധിക്കണം.
രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിച്ച് നിര്‍ത്തുന്നതും ക്ഷീണം നിയന്ത്രിക്കാന്‍ സഹായിക്കും. പ്രഭാതഭക്ഷണത്തിലെ പ്രോട്ടീന്‍ തോത് വര്‍ധിപ്പിക്കുന്നതും ഉച്ചഭക്ഷണശേഷം നടക്കുന്നതും രാത്രിയില്‍ നന്നായി ഉറങ്ങുന്നതും മഗ്നീഷ്യം സപ്ലിമെന്റുകള്‍ കഴിക്കുന്നതും നല്ലതാണ്.