Agriculture

തേനിനേക്കാൾ മധുരം, ഇത് റംബൂട്ടാന്റെ അപരന്‍; പുലാസന്‍ കൃഷിചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ?

വിദേശത്തു നിന്ന് വിരുന്നുകാരിയായെത്തി മലയാളക്കരയുടെ സ്വന്തമായി തീര്‍ന്ന മധുരഫലം. കണ്ടാല്‍ റംബൂട്ടാന്റെ അപരനെന്നേ തോന്നൂ. തേനിനേക്കാൾ മധുരമുള്ള പുലാസന്‍. റംബൂട്ടാനെക്കാൾ വലിപ്പവും കുരുവിൽ നിന്ന് വേഗം അടരുമെന്ന പ്രത്യേകതയുമുണ്ട്. പുലാസൻ മരം കണ്ടാൽ ഒരു അലങ്കാര വൃക്ഷമെന്നേ തോന്നൂ. 10-15 മീറ്റര്‍ വരെ ഉയരത്തില്‍ വരെ വളരും. കേരളത്തിലെ കാലാവസ്ഥയിൽ ഇവൻ നന്നായി കായ്ക്കും. ഇലകളുടെ അടിവശത്തെ ഇളംനീല നിറവും പട്ടുപോലുള്ള രോമങ്ങളുമായി കാഴ്ചയിലും ഭംഗിയുള്ള ചെടിയാണ്.

ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കും പഴച്ചാറ് ഒന്നാംതരം അണുനാശിനിയാണ്. ത്വക്ക്‌രോഗ ചികിത്സയിലും പഴങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. പനികുറയ്ക്കാനും ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കാനും പുലാസന് കഴിയും. എന്നിങ്ങനെ ആരോഗ്യ ഗുണങ്ങളും ചിലയിടങ്ങളിൽ വിവരിക്കപ്പെടുന്നുണ്ട്.

എന്തായിരുന്നാലും അലങ്കാരത്തിനും കൂടി ഇണങ്ങുന്ന എല്ലാവർക്കും ഇഷ്ടമാവുന്ന ഫലവൃക്ഷമാണ്. ചക്കയുടെ മുള്ളുപോലുള്ള പുറംഭാഗം കണ്ടാന്‍ കുഞ്ഞന്‍ ചക്കയാണെന്നേ തോന്നും. ചെറിയ ഇലകളോടുകൂടിയ പഴക്കുലകളിൽ 10 മുതല്‍ 25 വരെ പഴങ്ങളുണ്ടാകും. മലയന്‍ പദമായ പുലസ് എന്ന വാക്കില്‍ നിന്നാണ് പുലാസന്‍ എന്ന പേരുണ്ടായത്. കുപ്പിയുടെ അടപ്പു തിരിക്കുന്ന പോലെ ഒന്നു വളച്ചുതിരിച്ചാല്‍ ഇതിന്റെ കായ് തുറക്കും. അങ്ങനെയാണ് ഈ പേരുവന്നത് എന്നു പറയുന്നു.

കൃഷിചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മുകുളനം അഥവാ ബഡ്ഡിംഗ് വഴി ഉത്പാദിപ്പിച്ച തൈകളാണ് കൃഷിക്ക് അനുയോജ്യം. പകല്‍ നല്ല ചൂടും രാത്രി മഞ്ഞുമുള്ള ജനുവരി- ഫെബ്രുവരി മാസങ്ങളില്‍ പുലാസന്റെ ശാഖാഗ്രങ്ങളില്‍ കുലകളായി പൂക്കള്‍ വിടരും. പുലാസന്‍ മരം രണ്ടു തരമുണ്ട്. ആണ്‍ പൂക്കള്‍ മാത്രം ഉള്ളവയും ദ്വിലിംഗ പുഷ്പങ്ങള്‍ മാത്രം ഉത്പാദിപ്പിക്കുന്നവയും. എല്ലുപൊടിയും ചാണകപ്പൊടിയും അടിവളമായി ചേര്‍ത്തൊരുക്കിയ കുഴിയില്‍ വേണം പുലാസന്‍ ബഡ്ഡ് തൈകള്‍ നടാന്‍. വളരുന്നതിനനുസരിച്ച് വളംചേത്തു നല്‍കാം. ഫെബ്രുവരിയിലാണ് പുലാസന്‍ പൂക്കാലം. ജൂണ്‍- ജൂലൈ മാസങ്ങളില്‍ പഴം വിളവെടുപ്പു പ്രായമാകും. ബഡ്ഡുതൈകള്‍ മൂന്നാംവര്‍ഷം കായ്ക്കും. വിത്തുപാകി കിളിര്‍പ്പിക്കുന്ന തൈകള്‍ കായ്ക്കാന്‍ സമയമെടുക്കും. രാസവളങ്ങള്‍ ഒഴിവാക്കി ജൈവവളങ്ങള്‍ മാത്രം നല്‍കിയാലും നന്നായി വളര്‍ന്ന് വിളവുതരുന്ന പ്രകൃതം.

മുന്തിരി, സബര്‍ജില്‍ എന്നിവയുടെ തനതു മധുരത്തോടൊപ്പം നാരങ്ങയുടെ നേരിയ പുളിരസവും കലര്‍ന്ന സമ്മിശ്രരുചിയാണ് പുലാസനുള്ളത്. പഴത്തിന്റെ കാമ്പ് ആന്റി ഓക്‌സിഡന്റുകള്‍ ധാരളമടങ്ങിയതാണ്. ധാതുലവണങ്ങളുടെയും ജീവകങ്ങളുടെയും മികച്ച സ്രോതസ്. വിറ്റാമിന്‍ ബി, സി എന്നിവയ്ക്കു പുറമേ ഭക്ഷ്യയോഗ്യമായ നാരും ഇതില്‍ വേണ്ടുവോളം അടങ്ങിയിരിക്കുന്നു. പഴുത്തപഴം അതേപടി കഴിക്കാം. ജ്യൂസ്, ജാം, പ്രിസര്‍വ് എന്നിവയും തയാറാക്കാം. കേക്ക്, ബിസ്‌ക്കറ്റ് തുടങ്ങിയ ബേക്കറി പലഹാരങ്ങള്‍ക്കും ചേരുവയാക്കാം. പരമ്പരാഗതമായി വിവിധ ഏഷ്യന്‍ ഭക്ഷ്യവിഭവങ്ങളില്‍ ചേരുവയാണ് പുലാസന്‍. മലേഷ്യയില്‍ ‘പുലാസന്‍ സാമ്പല്‍’ എന്ന വിഭവം മത്സ്യത്തിനും മാംസത്തിനുമൊപ്പം വിളമ്പാറുണ്ട്.