നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻമന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരൻ. ബോബി ചെമ്മണ്ണൂരിന് പണത്തിൻ്റെ അഹങ്കാരമാണെന്നും അയാൾ പരമനാറിയാണെന്നും ജി.സുധാകരൻ വിമർശിച്ചു. കായംകുളം എംഎസ്എം കോളേജിൽ സംഘടിപ്പിച്ച പുസ്തക പ്രകാശനം നിർവഹിച്ചു സംസാരിക്കുന്നതിനിടെയായിരുന്നു വിമർശനം.
പണത്തിന്റെ അഹങ്കാരം കൊണ്ട് എന്തും ചെയ്യാം എന്നാണ് ബോബി ചെമ്മണ്ണൂരിന്റെ വിചാരം. വെറും പ്രാകൃതനും കാടനുമാണ് അവൻ. പതിനഞ്ച് വർഷം മുൻപ് തന്നെ ഞാൻ എൻറെ ഭാര്യയോട് അവൻ പരമനാറിയാണെന്ന് പറഞ്ഞിരുന്നു. അയാളുടെ കരണക്കുറ്റിക്ക് അടി കൊടുക്കാൻ കേരളത്തിൽ ആരും ഇല്ലാതായിപ്പോയി. ആലപ്പുഴയിൽ ആയിരുന്നുവെങ്കിൽ അയാളെ തങ്ങൾ തല്ലിയനെ എന്നും സുധാകരൻ പറഞ്ഞു. അയാൾക്ക് ഒരു സംസ്കാരമേയുള്ളൂ, അത് ലൈംഗിക സംസ്കാരമാണ് എന്നും സുധാകരൻ വിമർശിച്ചു. ഇവിടുത്തെ മഹിളാ സംഘടനകളും ബുദ്ധിജീവികളും എവിടെപ്പോയി? അയാൾ അശ്ലീലചുവയുള്ള ഒറ്റ പോസ്റ്റ് ഇട്ടപ്പോൾ പൊലീസ് അറസ്റ്റ് ചെയ്യേണ്ടതായിരുന്നില്ലേ? എന്നിട്ട് അറസ്റ്റ് ചെയ്തോ? പല സ്ത്രീകളെയും അയാൾ അപമാനിച്ചു. അവർ ആരും അനങ്ങിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.