World

’25 വയസിനുള്ളിൽ പ്രസവിക്കുന്ന വിദ്യാർത്ഥിനികൾക്ക് 81,000 രൂപ’; പുതിയ പദ്ധതിയുമായി ഭരണകൂടം | russian region plans to pay female students to give birth

2025 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍വരുന്നതാണ് ഈ 'പ്രസവ പ്രോത്സാഹന' നയം

മോസ്‌കോ: ജനസംഖ്യാ നിരക്ക് കുത്തനെ കുറഞ്ഞുവരുന്നതുകൊണ്ട് തന്നെ വലിയ ആശങ്കയിലാണ് റഷ്യയും ചൈനയും ജപ്പാനും. ഇതോടെ അത് എങ്ങനെയെങ്കിലും ഉയർത്തുക എന്നതാണ് ഇനി ലക്ഷ്യം. ഇതിനായി പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് റഷ്യന്‍ റിപ്പബ്ലിക്കായ കരേലിയ. ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകുന്ന 25 വയസ്സിന് താഴെയുള്ള വിദ്യാർത്ഥിനികൾക്ക് റഷ്യയിലെ കരേലിയ ഭരണകൂടം 100,000 റൂബിൾസ് (ഏകദേശം 81,000 രൂപ) വാ​ഗ്ദാനം ചെയ്തിരിക്കുന്നതായാണ് മോസ്കോ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. 25 വയസ്സിന് താഴെയുള്ള, ഒരു പ്രാദേശിക സർവകലാശാലയിലോ കോളേജിലോ മുഴുവൻ സമയ വിദ്യാർത്ഥികളോ കരേലിയയിലെ താമസക്കാരോ ആയവർക്കാണ് പണം ലഭിക്കുക.

2025 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍വരുന്നതാണ് ഈ ‘പ്രസവ പ്രോത്സാഹന’ നയം. 25 വയസ്സിന് താഴെയുള്ള ആളായിരിക്കണം. ഒരു പ്രാദേശിക സര്‍വ്വകലാശാലയിലോ കോളേജിലോ മുഴുവന്‍ സമയ വിദ്യാര്‍ത്ഥിയും കരേലിയയിലെ താമസക്കാരിയും ആയിരിക്കണം എന്നിങ്ങനെയാണ് പദ്ധതിയിലെ നിബന്ധനകള്‍.

പ്രസവിക്കുന്നത് ചാപിള്ളയാണെങ്കിൽ ഈ ബോണസ് കിട്ടില്ല. പ്രസവിച്ച ഉടനെ കുട്ടി മരിച്ചാല്‍ ആനുകൂല്യം ലഭിക്കുമോ എന്നത് സംബന്ധിച്ച് നയത്തില്‍ പരാമര്‍ശമില്ലെന്നും മോസ്‌കോ ടൈംസ് വ്യക്തമാക്കുന്നു. വൈകല്യമുള്ള കുട്ടികള്‍ക്ക് ജന്മംനല്‍കുന്നവര്‍ ഇതിന് യോഗ്യരാണോ എന്നതും നയത്തില്‍ വ്യക്തതയില്ല.

യുക്രൈനുമായുള്ള യുദ്ധത്തിന് പിന്നാലെ വിദേശത്തേക്കുള്ള പൗരന്മാരുടെ പലായനവും രൂക്ഷമായ ജനസംഖ്യാപരമായ പ്രതിസന്ധിയും രാജ്യം അഭിമുഖീകരിക്കുന്നതിനിടെയാണ് റഷ്യയില്‍ ഇത്തരത്തിലുള്ള നയങ്ങള്‍ കൊണ്ടുവരുന്നത്.

റഷ്യയിലെ ജനനനിരക്ക് നിലവില്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. 2024-ന്റെ ആദ്യ പകുതിയില്‍ 599,600 കുട്ടികളാണ് റഷ്യയില്‍ ജനിച്ചത്. 25 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2023-ലെ കാലയളവിനെ അപേക്ഷിച്ച് 16,000 കുട്ടികളുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. റഷ്യയിലെ മറ്റു റിപ്പബ്ലിക്കുകളും ജനനിരക്ക് വർധിപ്പിക്കുന്നതിന് വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ള സമാന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

കൂടാതെ റഷ്യന്‍ സര്‍ക്കാര്‍ പ്രസവസംബന്ധമായ ആനുകൂല്യങ്ങളും ഈ വര്‍ഷം ഉയര്‍ത്തിയിട്ടുണ്ട്. ആദ്യമായി അമ്മയാകുന്നവര്‍ക്ക് 677,000 റൂബിള്‍സ് (569,627 രൂപ) ആണ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 630,400 (530,418 രൂപ) റൂബിള്‍സായിരുന്നു. രണ്ടാമത്തെ കുഞ്ഞിന് 894,000 റൂബിള്‍സാണ് കിട്ടുക. 2024-ല്‍ ഇത് 833,000 റൂബിള്‍സായിരുന്നു.