Kerala

‘കളിക്കൂട്ടം 25’ ജില്ലാ പ്രീ സ്‌കൂൾ കലോത്സവത്തിന് 10ന് തിരിതെളിയും | kalikkoottam 25

കലോത്സവം പത്തിന് രാവിലെ 9.30ന് വാമനപുരം എംഎൽഎ ഡി.കെ. മുരളി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഇന്ത്യൻ മോണ്ടിസോറി അസോസിയേഷനും, മനാറുൽ ഹുദാ ട്രസ്‌റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ഓക്സസ്ഫോർഡ് കിഡ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ പ്രി സ്‌കൂൾ കലോത്സവവും വിദ്യാഭ്യാസ സെമിനാറും 10, 11 തീയതികളിൽ നടക്കും. എം എച്ച് ട്രസ്‌റ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 10, 11 തീയതികളിൽ ഓക്സ്ഫോർഡ് കിഡ്‌സിന്റെ വെഞ്ഞാറമ്മൂട് കേന്ദ്രത്തിൽ വച്ച് നടത്തുന്ന കലോത്സവം പത്തിന് രാവിലെ 9.30ന് വാമനപുരം എംഎൽഎ ഡി.കെ. മുരളി ഉദ്ഘാടനം ചെയ്യും.

പ്രീ-സ്‌കൂൾ തലത്തിലുള്ള കുട്ടികളുടെ കലാരംഗത്തെയും അക്കാദമിക രംഗത്തെയും കഴിവുകൾ കണ്ടെത്തുന്നതിനായി 22 ഇനങ്ങളിലായി നടത്തുന്ന കലോത്സവത്തിൽ ജില്ലയിലെ 3 മുതൽ 6 വയസ് വരെ പ്രായമുളള അങ്കണ വാടികൾ ഉൾപ്പെടെയുള്ള പ്രീ – സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാം. രണ്ടുദിവസം നീണ്ടുനിൽക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് പ്രത്യേകം രജിസ് ട്രേഷൻ ഫീസ് ഇല്ല.

കലോത്സവത്തോടനുബന്ധിച്ച് മോണ്ടിസോറി പഠന സാമഗ്രികളുടെ പ്രദർശനവും, 11ന് ഉച്ചയ്ക്ക് 2:30 മണിക്ക് ‘കുഞ്ഞുങ്ങളിൽ അന്തർലീനമായ ബഹുവിധ കഴിവുകളെ ശൈശവത്തിൽ തന്നെ കണ്ടെത്തി വളർത്തുന്നതിൽ അമ്മമാരുടെയും അധ്യാപകരുടെയും പങ്ക് എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്പ്‌മെന്റ് സെൻറർ മുൻ ഡയറക്ടർ ഡോ: ബാബു ജോർജ്, എസ്. സി. ഇ. ആർ. ടി മുൻ അസിസ്‌റ്റൻറ് പ്രൊസസറും, ഓക്‌സ് ഫോർഡ് കിഡ്‌സ് ഡയറക്ടറുമായ എൻ. കെ. സത്യപാലൻ എന്നിവർ വിഷയവതരണം നടത്തും.

മനാറുൽ ഹുദാ ട്രസ്‌റ്റ് അഡ്‌മിനിസ്ട്രേഷൻ ഡയറക്ടർ മുഹമ്മദ് ഇഖ്ബാൽ ഐപിഎസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വച്ച് ഡോ: അഹമ്മദ് സാകിർ ഹുസൈൻ സെമിനാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് രണ്ടുദിവസം നീണ്ടുനിൽക്കുന്ന മത്സരങ്ങളിൽ വിജയികളായവർക്കുള്ള സർട്ടിഫിക്കറ്റുകളും കൂടുതൽ പോയിന്റ് നേടിയ സ്ഥാപനങ്ങൾക്കുള്ള ട്രോഫികളും വിതരണം ചെയ്യും. മനാറുൽ ഹുദാ ട്രസ്‌റ്റ് അഡ്‌മിനിസ്ട്രേഷൻ ഡയറക്ടർ മുഹമ്മദ് ഇഖ്ബാൽ ഐ.പി.എസ്, ഓക്സ്ഫോർഡ് കിഡ്സ് ഡയറക്ടർ എൻ. കെ. സത്യപാലൻ, ട്രസ്റ്റ്‌ പി ആർ ഒ പ്രവീൺ. സി. കെ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

CONTENT HIGHLIGHT: kalikkoottam 25