Kerala

ഉത്തരവ് കേട്ടതിന് പിന്നാലെ പ്രതിക്കൂട്ടിൽ തളർന്ന് ഇരുന്നു; ബോബി ചെമ്മണ്ണൂരിനെ ആശുപത്രിയിലേക്ക് മാറ്റും | Boby chemmanur fainted court

ജനറൽ ആശുപത്രിയിലേക്കാകും കൊണ്ട് പോകുക

കൊച്ചി: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിലെ വിധി വന്നതിന് പിന്നാലെ വ്യവസായി ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് രക്തസമർദ്ദം ഉയർന്ന് ദേഹാസ്യാസ്ഥ്യമുണ്ടായത്. ജഡ്ജി ഉത്തരവ് വായിച്ച് കഴിഞ്ഞതോടെ ബോബി ചെമ്മണൂർ ബെഞ്ചിലേയ്ക്ക് ഇരിക്കുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. ബോബിയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയേക്കും. ജനറൽ ആശുപത്രിയിലേക്കാകും കൊണ്ട് പോകുക.

നടി ഹണി റോസിന്റെ ലൈം​ഗികാധിക്ഷേപ പരാതിയെ തുടർന്നാണ് വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിലായത്. ഇന്നലെ രാവിലെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ട് എട്ട് മണിയോടെയാണ് കൊച്ചി സെൻട്രൽ പൊലീസ് രേഖപ്പെടുത്തിയത്. വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് ബോബിയെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് 12 മണിയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കി.

എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ടേറ്റ് കോടതിയാണ് ബോബിയുടെ ജാമ്യഹര്‍ജി തള്ളിയത്. 12.30-ഓടെയാണ് ബോബിയെ കോടതിയില്‍ ഹാജരാക്കിയത്. രണ്ടുമണിയോടെ വാദം തീര്‍ന്നു. ഏതാണ്ട് മൂന്നുമണിക്കൂറോളം ബോബി കോടതിക്കുള്ളില്‍ തന്നെയായിരുന്നു. വാദം അവസാനിച്ചപ്പോള്‍ ബോബിയെ കോടതിക്ക് പുറത്തേക്ക് കൊണ്ടുപോകേണ്ടെന്ന് പോലീസിനോട് നിര്‍ദേശിച്ചിരുന്നു.

ജാമ്യ ഉത്തരവ് വായിക്കുമ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയായിരുന്ന ബോബി, റിമാന്‍ഡ് ചെയ്യുകയാണെന്ന ഭാഗം വായിച്ചുതുടങ്ങിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച് തുടങ്ങിയത്. രക്തസമ്മര്‍ദം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് കുഴഞ്ഞുവീണതെന്നാണ്‌ വിവരം.

CONTENT HIGHLIGHT: Boby chemmanur fainted court