ഈ മാസം 13 ന് ആരംഭിക്കുന്ന ഖോ ഖോ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 13 മുതൽ 19 വരെ ദില്ലി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലാണ് ടൂർണമെന്‍റ് നടക്കുന്നത്. പുരുഷ ടീമിനെ പ്രതീക് വൈകാറും വനിതാ ടീമിനെ പ്രിയങ്ക ഇംഗിളും നയിക്കും. ഇന്ത്യൻ പുരുഷ ടീം നേപ്പാളിനെതിരെയും വനിതാ ടീം 14 ന് ദക്ഷിണ കൊറിയയെയും നേരിടും. സുമിത് ഭാട്ടിയയെ വനിതാ ടീമിന്‍റെ മുഖ്യ പരിശീലകനായും അശ്വനി കുമാറിനെ പുരുഷ ടീമിന്‍റെ മുഖ്യ പരിശീലകനായും തെരഞ്ഞെടുത്തിട്ടുണ്ട്.
ഖോ ഖോ ലോകകപ്പ് സിഇഒ മേജർ ജനറൽ വിക്രം ദേവ് ഡോഗ്രഡും ഖോ ഖോ ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്‍റ് സുധാൻഷു മിത്തലുമാണ് ടീം പ്രഖ്യാപനം നടത്തിയത്. ടീമുകളുടെ ജേഴ്‌സിയും മിത്തൽ അനാച്ഛാദനം ചെയ്തു – പുരുഷ-വനിതാ ടീമുകള്‍ക്കായി “ഭാരത്” ലോഗോ യുള്ള ജേഴ്സികളാണ് പുറത്തിറക്കിയത്. ‘ഭാരത് കി ടീം’ എന്നായിരിക്കും ഇന്ത്യൻ ടീം അറിയപ്പെടുകയെന്നും മിത്തൽ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. വനിതാ ലോകകപ്പ് വിജയികള്‍ക്കുള്ള ട്രോഫിയും വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.
STORY HIGHLIGHT: kho kho world cup 2025