Kerala

വ്യാജ സ്വർണക്കട്ടി നൽകി ലക്ഷങ്ങൾ തട്ടി; അസം സ്വദേശികൾ പിടിയിൽ – arrested for duping man with fake gold

വ്യാജ സ്വര്‍ണക്കട്ടി നല്‍കി കൊണ്ടോട്ടി സ്വദേശിയില്‍നിന്ന് ആറുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അസം സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റിൽ. ഇജാജുല്‍ ഇസ്ലാം , റെയ്‌സുദ്ദീന്‍ എന്നിവരെയാണ് നടക്കാവ് പോലീസ് തൃശ്ശൂരില്‍നിന്ന് പിടികൂടിയത്. 2024 ജനുവരിയിലാണ് വ്യാജ സ്വര്‍ണക്കട്ടി നല്‍കി പണം അപഹരിച്ചത്.

വിപണിവിലയെക്കാള്‍ കുറഞ്ഞവിലയില്‍ 540 ഗ്രാം തൂക്കമുള്ള സ്വര്‍ണക്കട്ടി നല്‍കാമെന്നും ഇതിന് 12 ലക്ഷം രൂപ വിലവരുമെന്നുമായിരുന്നു പ്രതികള്‍ പരാതിക്കാരനോട് പറഞ്ഞിരുന്നത്. തുടര്‍ന്ന് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന് സമീപത്തുവെച്ച് സ്വര്‍ണക്കട്ടിയുടെ ചെറിയൊരു ഭാഗം പരാതിക്കാരന് മുറിച്ചുനല്‍കി. പരിശോധിച്ചപ്പോള്‍ ഈ ഭാഗം സ്വര്‍ണമാണെന്ന് മനസിലായി. തുടര്‍ന്ന് ആറുലക്ഷം രൂപ നല്‍കി. പിന്നാലെ വ്യാജ സ്വര്‍ണക്കട്ടി നല്‍കി പ്രതികള്‍ മുങ്ങുകയായിരുന്നു.

സംഭവത്തിന് ശേഷം മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫാക്കി മുങ്ങിയ പ്രതികളിലൊരാള്‍ മാസങ്ങള്‍ക്ക് ശേഷം ഈ ഫോണ്‍ ഓണ്‍ചെയ്തതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. കഴിഞ്ഞദിവസം പോലീസ് വീണ്ടും ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ പ്രതി തൃശ്ശൂര്‍ സ്വരാജ് റൗണ്ടിലുണ്ടെന്ന് വ്യക്തമായി. ഇതോടെ നടക്കാവ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ. ജോസിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. രമേശ്, എസ്.സി.പി.ഒ. ബൈജു, എന്നിവര്‍ തൃശ്ശൂരിലെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

STORY HIGHLIGHT: arrested for duping man with fake gold