Kerala

ശബരിമല: കരിമല കാനനപാതയിൽ നാളെ മുതൽ 14 വരെ തീർഥാടകർക്കു പ്രവേശനമില്ല

ശബരിമല: കരിമല വഴിയുള്ള പരമ്പരാഗത കാനനപാതയിൽ നാളെ മുതൽ മകരവിളക്കു ദിവസമായ 14 വരെ തീർഥാടകർക്കു പ്രവേശനമില്ല. എരുമേലി പേട്ടതുള്ളൽ കഴിഞ്ഞു വരുന്ന അമ്പലപ്പുഴ, ആലങ്ങാട് സംഘത്തിനു മാത്രമാണ് കാനന പാതയിലൂടെ പമ്പയിലേക്ക് പോകാൻ ഈ ദിവസങ്ങളിൽ അനുമതി. തീർഥാടകരെ മുക്കുഴിയിൽ നിന്നു തിരിച്ചയയ്ക്കും. നിലയ്ക്കൽ വഴി മാത്രമേ ഈ ദിവസങ്ങളിൽ പമ്പയിലേക്ക് പോകാൻ അനുവദിക്കൂ. പമ്പയിൽ പ്രവർത്തിച്ചുവന്ന സ്പോട് ബുക്കിങ് കൗണ്ടറുകൾ പൂർണമായും നിലയ്ക്കലിലേക്കു മാറ്റി.

ഇന്നലെ മുതൽ സ്പോട് ബുക്കിങ് 5000 മാത്രമായി കുറച്ചു. മകരവിളക്ക് ദിവസമായ 14ന് 1000 മാത്രം. 12ന് രാവിലെ 8 മുതൽ 15ന് ഉച്ചയ്ക്ക് 2 വരെ പമ്പ ഹിൽടോപ്പിൽ പാർക്കിങ് അനുവദിക്കില്ല. തീർഥാടകരുടെ വാഹനങ്ങൾക്ക് ചാലക്കയത്തു പാർക്കിങ് ഒരുക്കും. തിരുവാഭരണ ഘോഷയാത്രയെ അനുഗമിച്ച് ഒട്ടേറെപ്പേർ കാൽനടയായി എത്തുന്നതിനാൽ വലിയാനവട്ടത്ത് ബാരിക്കേഡ് നിർമിച്ചു.