India

അച്ഛനമ്മമാരുടെ മൃതദേഹം നിലത്ത്; മക്കളുടേത് കട്ടിലിലെ അറയിൽ; ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മരണത്തിൽ ദുരൂഹത | meerut family news

ഭാരമുള്ള എന്തോ ഉപയോ​ഗിച്ച് അടിച്ചതെന്ന് തോന്നിക്കുന്ന മുറിവുകളുണ്ടായിരുന്നെന്ന് പോലീസ് അറിയിച്ചു

ന്യൂഡൽഹി: ഒരു കുടുംബത്തിലെ അഞ്ചുപേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒരു പുരുഷന്റെയും സ്ത്രീയുടെയും ഇവരുടെ പത്തുവയസില്‍ താഴെ പ്രായമുള്ള മൂന്ന് പെണ്‍മക്കളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അച്ഛനമ്മമാരുടെ മൃതദേഹം നിലത്തും മക്കളുടേത് കട്ടിലിലെ അറയിലുമാണ് ഉണ്ടായിരുന്നത്. എല്ലാ മൃതദേഹങ്ങളുടെ തലയിലും ഭാരമുള്ള എന്തോ ഉപയോ​ഗിച്ച് അടിച്ചതെന്ന് തോന്നിക്കുന്ന മുറിവുകളുണ്ടായിരുന്നെന്ന് പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ യഥാർത്ഥ മരണകാരണം അറിയാനാവൂ എന്ന് എസ്.എസ്.പി. വിപിൻ ടാഡ അറിയിച്ചു.

ഉത്തർപ്രദേശിലെ മീററ്റിൽ ലിസാരി ​ഗേറ്റ് മേഖലയിലാണ് സംഭവം. വ്യക്തിവൈരാ​ഗ്യം മൂലമുള്ള കൊലപാതകമെന്നാണ് പ്രാഥമികമായി മനസിലാക്കാനാവുന്നത്. മുതിർന്ന ഉദ്യോ​ഗസ്ഥർ സംഭവ സ്ഥലത്തുണ്ട്. അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അസ്വാഭാവികമായി എന്തെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ അറിയിക്കണമെന്ന് പോലീസ് പരിസരവാസികളോട് നിർദേശിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോൾ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വീടിന്റെ മേൽക്കൂര വഴിയാണ് പോലീസ് സംഘം അകത്തുകടന്നത്. അച്ഛനമ്മമാരുടെ മൃതദേഹം നിലത്ത് കിടക്കുന്ന നിലയിലും മക്കളുടേത് കട്ടിലിലെ അറയിലുമാണ് ഉണ്ടായിരുന്നത്. ഇതിൽ ഏറ്റവും ഇളയ കുട്ടിയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞിരുന്നു.

കുടുംബാം​ഗങ്ങളെ ബുധനാഴ്ച വൈകീട്ടുവരെ പുറത്തേക്കൊന്നും കണ്ടിരുന്നില്ലെന്ന് അയൽവാസികൾ പ്രതികരിച്ചു. തുടർന്ന് ഇവർ പോലീസിനെ അറിയിക്കുകയായിരുന്നു. വീട് ഫോറൻസിക് സംഘം പരിശോധിച്ചു. ക്രൂരകൃത്യം നടന്നതിന് പിന്നിലെ കാരണം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പോലീസ്.

CONTENT HIGHLIGHT: meerut family news