Video

ഭാവഗായകന് വിട ; ജയേട്ടൻ നമ്മുടെ ഹൃദയങ്ങളിൽ ഇരുന്ന് പാടുന്നുവെന്ന് ജയരാജ്‌ വാര്യർ

പി.ജയചന്ദ്രന്റെ വിയോഗത്തില്‍ ജയരാജ് വാര്യ‍ർ അനുശോചനം രേഖപ്പെടുത്തി. ഈ വാർത്ത വിശ്വസിക്കാൻ കഴിയാത്തൊരു അവസ്ഥയിലാണ് ഇപ്പോഴുളളതെന്ന് ജയരാജ് വാര്യ‍ർ പറഞ്ഞു. ഞാനും ജയേട്ടനും തമ്മിൽ 30 വർഷത്തോളം നീണ്ടു നിൽക്കുന്ന സുഹൃത്ത് ബന്ധമാണ് ഉളളത്. ജയചന്ദ്രൻ എന്നാൽ ഭാവചന്ദ്രനാണ്. നമ്മുടെ ഹൃദയത്തിൽ ആണ് അദ്ദേഹം പാടുന്നത്. നിലാവിന്റെ പാട്ടുകാരനായിരുന്നു അദ്ദേഹം. നിലാവിന്റ കുളിർമയും സുഖന്ധവും അദ്ദേഹത്തിന്റെ ​ഗാനങ്ങളിലുണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജയേട്ടൻ പാടിയ അദ്ദേഹത്തിന്റെ കൈയൊപ്പു പതിഞ്ഞ ഭാവഗീതങ്ങൾ മറ്റുള്ളവർക്ക് അനുകരിച്ചുപാടാനും ബുദ്ധിമുട്ടാണ്. അത്രയ്ക്ക് വ്യക്തിത്വമുള്ള ആലാപനമാണ് അദ്ദേഹത്തിന്റേത്. ആരെയും ആകർഷിക്കുന്ന കാമുകഭാവം അനനുകരണീയമാണ്. ഒപ്പം നമ്മുടെ ഹൃദയത്തിനടുത്തിരുന്ന് പാടുന്ന ഫീൽ ആണ് ആ നാദത്തിന് എന്നിങ്ങനെ പി. ജയചന്ദ്രനെ ജയരാജ് വാര്യ‍ർ ഓർത്തെടുത്തു.

തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 7.45-ഓടെയായിരുന്നു പി. ജയചന്ദ്രന്റെ അന്ത്യം. അർബുദരോഗബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് വീട്ടിൽവെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് തൃശ്ശൂർ ചേന്ദമംഗലം പാലിയത്ത് വീട്ടിൽ നടക്കും.

Latest News