Celebrities

അവർ ഈ വിഷയം വീണ്ടും വഷളാക്കി; എൽ.ആൻഡ്‌.ടി ചെയർമാന്റെ പ്രസ്താവനയെ വിമർശിച്ച് ദീപിക പദുകോൺ – deepika padukone reacts

ജീവനക്കാർ ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്ന എൽ.ആൻഡ്‌ ടി. ചെയർമാൻ എസ്.എൻ. സുബ്രഹ്മണ്യന്റെ പരാമർശത്തെ വിമർശിച്ച് നടി ദീപിക പദുകോൺ. ‘മെൻ്റൽ ഹെൽത്ത് മാറ്റേഴ്‌സ്’ എന്ന ഹാഷ് ടാഗോട് കൂടെയാണ് ദീപിക തന്റെ അഭിപ്രായം ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്.

90 മണിക്കൂർ ജോലി ചെയ്യണമെന്നും ആവശ്യമെങ്കിൽ ഞായറാഴ്ചയുള്ള അവധി ഉപേക്ഷിക്കണമെന്നുമായിരുന്നു എൽ.ആൻഡ്‌ ടി. ചെയർമാന്റെ വിവാദ പരാമർശം. താൻ ഞായറാഴ്ചകളിൽ ജോലി ചെയ്യുന്നുണ്ട്. ജീവനക്കാരെ ഞായറാഴ്ചകളിൽ ജോലി ചെയ്യിപ്പിക്കാൻ സാധിച്ചാൽ താൻ സന്തോഷവാനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതാവനയ്‌ക്കെതിരെയാണ് താരം വിമർശനവുമായി എത്തിയിരിക്കുന്നത്. സാമൂഹികമാധ്യമങ്ങളിൽ വിഷയം പ്രചരിച്ചതോടെ നിരവധി പേരാണ് അദ്ദേഹത്തെ വിമർശിച്ചുകൊണ്ട് രം​ഗത്തെത്തിയത്.

ചെയർമാന്റെ പരാമർശം വിവാദമായതോടെ എൽ.ആൻഡ്‌ ടി. വിഷയത്തിൽ വിശദീകരണവുമായെത്തിയിരുന്നു. തങ്ങളുടെ തീവ്രമായ അഭിലാഷത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അസാധാരണമായ ഫലം ലഭിക്കുന്നതിന് അസാധാരണമായ പരിശ്രമം ആവശ്യമാണ്. ലക്ഷ്യവും അഭിനിവേശവും നിറഞ്ഞ ഒരു തൊഴിൽസംസ്കാരം വളർത്തിയെടുക്കാൻ എൽ.ആൻഡ്‌ ടി. പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി പ്രസ്താവനയിൽ പറയുന്നു. ഈ പ്രസ്താവനയ്ക്കെതിരേയും ദീപിക തന്റെ നയം വ്യക്തമാക്കി. ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ഞെട്ടലുണ്ടാക്കുന്നു. എന്നും താരം കുറിച്ചു.

STORY HIGHLIGHT : deepika padukone reacts