രാഷ്ട്രീയ നിരീക്ഷകൻ രാഹുൽ ഈശ്വറിനെതിരെ ഇൻസ്റ്റഗ്രാമിൽ തുറന്ന കത്തുമായി ഹണി റോസ്. നിയമ നടപടി സ്വീകരിക്കാൻ ആണ് താരത്തിന്റ നീക്കം. ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുൽ ഈശ്വറിനെതിരെയും നിയമത്തിന്റെ വഴിയേ നീങ്ങും എന്നാണ് പോസ്റ്റിൽ താരം വ്യക്തമാക്കുന്നത്. രാഹുൽ ഈശ്വർ ചെയ്യുന്നത് ഓർഗനൈസ്ഡ് ക്രൈം സംഘടിത കുറ്റകൃത്യം ആണെന്നും മാപ്പ് അർഹിക്കുന്നില്ല എന്നും ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് നിയമനടപടിക്ക് ഒരുങ്ങുന്നത്.
ഹണി റോസിന്റെ പോസ്റ്റിന്റെ പൂർണരൂപം
കോടതിയിൽ ഇരിക്കുന്ന കേസിലെ പരാതിക്കാരി ആയ എന്നെ കടുത്ത മാനസികവ്യഥയിലേക്കു തള്ളിയിടുകയും ആത്മഹത്യയിലേക്കു തള്ളിയിടാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രവർത്തികൾ ആണ് രാഹുൽ ഈശ്വറിന്റെ ഭാഗത്തു നിന്ന് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാഹുൽ ഈശ്വറിനെപോലെ ഉള്ളവരുടെ ഇത്തരം ഓർഗനൈസ്‌ഡ് ക്രൈം ഓപ്പറേഷൻ കാരണം ഇത്തരം അവസ്ഥയിൽ പെട്ട് പോകുന്ന സ്ത്രീകൾ പരാതിയുമായി മുന്നോട്ടു വരാൻ മടിക്കും. അത്തരം നടപടികൾ ആണ് തുടർച്ചയായി രാഹുൽ ഈശ്വർ എല്ലാ സ്ത്രീകളായ പരാതിക്കാരോടും കാണിക്കുന്നത്. താങ്കളും താങ്കൾ പിന്തുണക്കുന്ന ഞാൻ പരാതി കൊടുത്ത വ്യക്തിയുടെ PR ഏജൻസികളും എനിക്കെതിരെ നടത്തുന്നത് ഈ ഓർഗനൈസ്‌ഡ് ക്രൈമിന്റെ ഭാഗം ആണ്. എൻ്റെ മൗലിക അവകാശങ്ങളെ നിഷേധിച്ചു കൊണ്ട്, എൻ്റെ മൗലിക അവകാശങ്ങളിലേക്കു കടന്നുകയറി എന്നെ അപമാനിച്ചു കൊണ്ട് എനിക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും എന്നെ ആക്രമിക്കുകയും അപായപ്പെടുത്തുമെന്നുമുള്ള ഭീഷണികളുടെ രീതിയിലും തൊഴിൽ നിഷേധരീതിയിലും, നേരിട്ടും സോഷ്യൽ മീഡിയ വഴിയും വരുന്ന എല്ലാ വെല്ലുവിളി, പോർവിളി കമന്റുകൾക്കും ആഹ്വാനം നടത്തിയ രാഹുൽ ഈശ്വറിനെതിരെ ഞാൻ നിയമനടപടി കൈക്കൊള്ളുന്നു.
Insulting or making derogatory comments about a woman’s dressing in public, including on social media considered as a form of harassment or cyberbullying, which is punishable under various laws in India.
Cyberbullying especially when orchestrated by a person or PR agency is considered as a form of organized crime in India.
Using public media to trigger a cyber attack on someone based on their appearance or dressing is also an organized crime.
രാഹുൽ ഈശ്വർ മാപ്പർഹിക്കുന്നില്ല
ഹണി റോസ് വർഗീസും കുടുംബവും.
എന്നിങ്ങനെയാണ് പോസ്റ്റ്.
ഹണി റോസിന്റെ വസ്ത്രധാരണത്തെ വിമർശിച്ച് രാഹുൽ ഈശ്വർ രംഗത്ത് എത്തിയിരുന്നു. ചാനൽ ചർച്ചയിൽ സ്ത്രീകളുടെ വസ്ത്രധാരണത്തെ വിമർശിച്ച രാഹുൽ ഈശ്വറിനെതിരെ വൈകാതെ തന്നെ ഹണി റോസ് പ്രതികരിക്കുകയും ചെയ്തിരുന്നു. തന്ത്രി കുടുംബത്തിലെ രാഹുൽ ഈശ്വർ പൂജാരിയാകാതിരുന്നത് നന്നായെന്ന് ഹണി റോസ് സോഷ്യൽ മീഡീയയിൽ കുറിച്ചു.പൂജാരിയായിരുന്നെങ്കിൽ ക്ഷേത്രത്തിൽ വരുന്ന സ്ത്രീകൾക്ക് ഡ്രെസ് കോഡ് ഉണ്ടാക്കിയേനെയെന്നും എന്നും അവർ ചോദിച്ചു. ഭാഷയുടെ കാര്യത്തിലുള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ലെന്നും എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ താൻ ശ്രദ്ധിച്ചുകൊള്ളാമെന്നും ഹണി റോസ് പരിഹസിച്ചു. ഹണി റോസ് മദർ തെരേസയാണോയെന്നും വിമർശത്തിന് അതീതയാണോയെന്നും രാഹുൽ ഈശ്വർ ചാനലിൽ ആക്ഷേപിച്ചിരുന്നു.